മലയാളി നിര്‍മിച്ച ശില്‍പ്പം പാപ്പക്ക് സമ്മാനിച്ച് മെത്രാന്‍മാര്‍. സിസിബിഐ പ്രതിനിധി സംഘം ലിയോമാര്‍പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പ്രതിനിധി സംഘം ലിയോ 14-ാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 45 മിനിറ്റിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍, ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം, മിഷന്‍ എന്നിവയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു.
സിസിബിഐ, എഫ്എബിസി പ്രസിഡന്റും ഗോവ-ദാമന്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം വത്തിക്കാനിലെത്തിയത്. സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് ഡോ. വിന്‍സെന്റ് ഐന്ദ്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവരടങ്ങുന്ന സംഘമാണ് പാപ്പയെ സന്ദര്‍ശിച്ചത്. മാര്‍പാപ്പ ഉള്‍പ്പെടുന്ന അഗസ്റ്റിനിയന്‍ സന്യാസ സമൂഹത്തിന്റെ നാമഹേതുകനായ വിശുദ്ധ അഗസ്റ്റിന്റെ തിരുനാള്‍ ദിനത്തിലായിരുന്നു കൂടിക്കാഴ്ച. പ്രതിനിധി സംഘം മാര്‍പാപ്പയ്ക്ക് തിരുനാള്‍ ആശംസകള്‍ നേര്‍ന്നു.
കേരളത്തില്‍ നിന്നുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ ശില്പി റാഫേല്‍ തടിയില്‍ കൊത്തിയെടുത്ത രൂപം കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട വിശുദ്ധരായ, തോമാശ്ലീഹ, ഫ്രാന്‍സിസ് സേവ്യര്‍, മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍, ഏവുപ്രാസ്യാമ്മ, മറിയം ത്രേസ്യ തുടങ്ങിയവര്‍ യേശുവിനോടൊപ്പം നില്ക്കുന്ന ഓക്ക് തടി രൂപമാണ് കര്‍ദിനാള്‍ പാപ്പക്ക് കൈമാറിയത്.
ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോയും ആര്‍ച്ചുബിഷപ് വിന്‍സെന്റ് ഐന്ദും ചേര്‍ന്ന് പരമ്പരാഗത രീതിയിലുള്ള കസവ് ഷാളും കശ്മീരി പട്ട് ഷാളും പാപ്പക്ക് കൈമാറി. കൂടാതെ ഡാര്‍ജിലിംഗ്, അസം, നീലഗിരി എന്നിവിടങ്ങളില്‍ നിന്നുള്ള 5 ഇനം തേയിലകളും നല്‍കി. റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐയുടെ 'മിഷന്‍ 2033' പാസ്റ്ററല്‍ പ്ലാനും ഭുവനേശ്വര്‍ രേഖയും സമര്‍പ്പിച്ചു. ഇതിനൊപ്പം സിസിബിഐ അംഗീകരിച്ച ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍ ബൈബിളിന്റെ കോപ്പിയും സമ്മാനിച്ചു. മാര്‍പാപ്പയുടെ ജന്മദേശമായ ചിക്കാഗോയ്ക്ക് സമീപമുള്ള വീറ്റണിലെ പ്രസാധകരാണ് ഈ ബൈബിള്‍ പുറത്തിറക്കിയത്.
പാപ്പയാകുന്നതിന് മുമ്പ് അഗസ്റ്റിനിയന്‍ സഭയുടെ പ്രിയോര്‍ ജനറല്‍ ആയിരുന്ന കാലത്ത് 2004-ലും 2006-ലും ഫാ. റോബര്‍ട്ട് പ്രെവോസ്റ്റ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ലത്തീന്‍ സഭ ആവിഷ്‌കരിച്ച പുതിയ പാസ്റ്ററല്‍ പ്ലാനിനെ പാപ്പ പ്രശംസിച്ചു. ഇന്ത്യയിലെ 132 ലത്തീന്‍ രൂപതകളെയും 217 ബിഷപ്പുമാരെയും 1.8 കോടിയോളം വരുന്ന വിശ്വാസികളെയുമാണ് സിസിബിഐ പ്രതിനിധീകരിക്കുന്നത്.