ബിഷപ്പുമാരുടേത് ശുശ്രൂഷയ്ക്കുള്ള അധികാരമാണെന്നും എല്ലാറ്റിനുമുപരി അജഗണങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പുതിയതായി നിയമിതരായ ബിഷപ്പുമാരോട് ലിയോ 14 ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: ബിഷപ്പുമാരുടേത് ശുശ്രൂഷയ്ക്കുള്ള അധികാരമാണെന്നും എല്ലാറ്റിനുമുപരി അജഗണങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പുതിയതായി നിയമിതരായ ബിഷപ്പുമാരോട് ലിയോ 14 ാമന്‍ പാപ്പ. പുതിയ ബിഷപ്പുമാരുടെ രൂപീകരണ കോഴ്‌സില്‍ പങ്കെടുത്ത ലോകമെമ്പാടുമുള്ള 200 ഓളം ബിഷപ്പുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
'അനേകരുടെ ദാസന്‍' എന്നതാണ് ബിഷപ്പിന്റെ അടിസ്ഥാന സ്വത്വമെന്ന് വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ച് ലിയോ പാപ്പ പറഞ്ഞു. എപ്പിസ്‌കോപ്പേറ്റിന്റെ 'ദാനം' വ്യക്തിപരമായ ബഹുമാനത്തിനോ അധികാരത്തിനോ വേണ്ടിയല്ല, മറിച്ച് 'സുവിശേഷത്തിന്റെ ലക്ഷ്യത്തെ സേവിക്കുന്നതിനാണ്' നല്‍കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ബിഷപ്പുമാര്‍ ജനങ്ങളോടും വൈദികരോടും ദൈവത്തോടും അടുത്തിരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. കഷ്ടപ്പാടുകളുടെയും അനിശ്ചിതത്വത്തിന്റെയും സമയങ്ങളില്‍, മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ അടുപ്പത്തിന്റെ പ്രതിഫലനം തന്നെയാണ് ഈ സാമീപ്യം.
വിശ്വാസത്തിന്റെ പ്രതിസന്ധി, അക്രമം, സാമൂഹിക അസമത്വങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ന് സഭയും ലോകവും നേരിടുന്ന പ്രധാന വെല്ലുവിളികളെ സേവന മനോഭാവത്തോടെയും സുവിശേഷത്തിന്റെ പ്രഖ്യാപനത്തിനായുള്ള അഭിനിവേശത്തോടെയും ധൈര്യത്തോടെയും സമീപിക്കാന്‍ പാപ്പ ബിഷപ്പുമാരെ ഉദ്ബോധിപ്പിച്ചു.