നിയമങ്ങളും കടമകളും പകര്‍ന്നു നല്കുന്നതില്‍ ഒതുങ്ങി നില്ക്കുന്നതല്ല ക്രിസ്തീയ രൂപവത്ക്കരണമെന്ന് മെത്രാന്‍ പാവൊളൊ മര്‍ത്തിനേല്ലി

വത്തിക്കാന്‍: നിയമങ്ങളും കടമകളും പകര്‍ന്നു നല്കുന്നതില്‍ ഒതുങ്ങി നില്ക്കുന്നതല്ല ക്രിസ്തീയ രൂപവത്ക്കരണമെന്നും സര്‍വ്വോപരി യേശു നമുക്കു പ്രദാനം ചെയ്ത ജീവന്‍ സംവേദനം ചെയ്യുകയാണെന്നും തെക്കെ അറേബ്യയിലെ അപ്പൊസ്‌തോലിക് വികാരിയായ മെത്രാന്‍ പാവൊളൊ മര്‍ത്തിനേല്ലി.
മസ്‌ക്കറ്റിലെ ഗാലയില്‍ പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ഇടവകയുടെ പുതിയ അജപാലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ വിശ്വാസത്താല്‍ നയിക്കപ്പെട്ട് അനുദിനജീവിതത്തെ നേരിടുന്ന ക്രൈസ്തവരെ രൂപപ്പെടുത്തിയെടുക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് മര്‍ത്തിനേല്ലി പറഞ്ഞു.
പുതിയ അജപാലനകേന്ദ്രത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചരിത്രപരമായ ഒരു സംഭവമാണ് അതെന്ന് പ്രസ്താവിച്ചു. ഗാലയിലെയും ആ വികാരിയത്തിലെയും വിശ്വാസികളുടെ നീണ്ട കാത്തിരിപ്പിനു ശേഷം അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കയാണെന്നും ഈ ചുമരുകള്‍ക്കുള്ളില്‍ വിശ്വാസത്തില്‍ വളരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബിഷപ്പ് മര്‍ത്തിനേല്ലി പറഞ്ഞു
അങ്ങനെ വിശ്വാസത്താല്‍ രൂപപ്പെടുത്തപ്പെട്ട ജീവിതംകൊണ്ട് സുവിശേഷത്തിന് സാക്ഷിമേകാന്‍ കഴിയുന്നവരായിത്തീരുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേഷിത വാര്‍ത്താ ഏജന്‍സിയായ ഫീദെസ് ആണ് ഈ വിവരങ്ങള്‍ നല്കിയത്.