രാജ്യത്ത് ജനന-മരണ രജിസ്‌ട്രേഷന്‍ ആക്ട് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍,പ്രായവും ജനനസ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാറും
ന്യൂഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ആക്ട് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ജനന-മരണ രജിസ്‌ട്രേഷന്‍ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതാണ് ഈ നിയമം. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണനാണ് ഇക്കാര്യം അറിയിച്ചത്. 2023ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍, കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായി മാറിയത്.
ഇനിമുതല്‍ സ്‌കൂള്‍ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ആധാര്‍, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും പ്രായവും ജനനസ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാറും. പുതിയ നിയമപ്രകാരം ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറും. കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ആധാറുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ചട്ടക്കൂടുകള്‍ തയാറാക്കിയിരിക്കുന്നത്. വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസത്തിന് ഇനിമുതല്‍ കര്‍ശനമായ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.
ഇതുപ്രകാരം 21 ദിവസത്തിനുള്ളിലാണെങ്കില്‍ ഫീസൊന്നും കൂടാതെ സൗജന്യമായി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം. 21 മുതല്‍ 30 ദിവസത്തിനുള്ളിലാണെങ്കില്‍ രജിസ്ട്രാര്‍ക്ക് നേരിട്ട് നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. 30 ദിവസം മുതല്‍ 1 വര്‍ഷത്തിനുള്ളിലാണെങ്കില്‍ ജില്ലാ രജിസ്ട്രാറുടെയോ സര്‍ക്കാര്‍ നിര്‍ദേശിച്ച അധികാരിയുടെയോ അനുമതിയും പിഴയും അടയ്‌ക്കേണ്ടി വരും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തിനുള്ളിലാണെങ്കില്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെയോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെയോ അധികാരപരിധിയിലേക്ക് കാര്യങ്ങള്‍ നീങ്ങും. 2 വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിര്‍ബന്ധമായിരിക്കും. അതിനാല്‍ ഇനിമുതല്‍ ജനനവും മരണവും കൃത്യമായ ദിവസപരിധിക്കുള്ളില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.