ബിൽ അടച്ചില്ല, വൈദ്യുതി വിച്ഛേദിക്കാനെത്തിയവർ കണ്ടത് വീട്ടുവളപ്പിൽ കണ്ടത് അസ്ഥികൂടം. ഒന്നരമാസമായി ഗൃഹനാഥനെ കാണാനില്ലെന്ന് ബന്ധുക്കൾ
കോഴിക്കോട്: പേരാമ്പ്രയിൽ ഗൃഹനാഥന്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം വീട്ടുവളപ്പിൽ കണ്ടെത്തി. ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണൻ(72) ആണ് മരിച്ചത്.
ഇയാൾ തനിച്ചാണ് താമസിച്ചിരുന്നത്. പറമ്പിൽ ഇറങ്ങിയപ്പോൾ എന്തെങ്കിലും അപകടം പറ്റി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
വൈദ്യുതി ചാർജ് അടയ്ക്കാത്തതുകൊണ്ട് കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ കുഞ്ഞിക്കണ്ണനെ വീട്ടിൽ കാണാത്തതു കാരണം കാഞ്ഞങ്ങാടുള്ള സഹോദരി പുത്രന്റെ ഫോണിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.
നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. കുഞ്ഞിക്കണ്ണന്റെ ചെരിപ്പും ധരിച്ചിരുന്ന മുണ്ടും സമീപത്തുണ്ട്. കുഞ്ഞിക്കണ്ണൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.
അസ്ഥികൂടം ഡിഎൻഎ പരിശോധന നടത്തിയ ശേഷമാകും സംസ്കാരം. ഇയാൾ ചിലപ്പോൾ കാഞ്ഞങ്ങാടുള്ള സഹോദരിയുടെ വീട്ടിൽ പോയി താമസിക്കാറുണ്ട്. കുഞ്ഞിക്കണ്ണൻ സഹോദരിയുടെ വീട്ടിൽ ആയിരിക്കും എന്നാണ് നാട്ടുകാർ കരുതിയത്. ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ട് മക്കൾ മറ്റു വീടുകളിലാണ് താമസിക്കുന്നത്.