ലോകത്തിലേറ്റവും വലുത്. ബ്രഹ്‌മപുത്രയ്ക്ക് കുറുകെയുള്ള ഡാമിന്റെ പണി ആരംഭിച്ച് ചൈന

ബെയ്ജിങ്: ടിബറ്റില്‍ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് 167.8 ബില്യണ്‍ ഡോളര്‍ ( ഏകദേശം 14.4 ലക്ഷം കോടി രൂപ) ചെലവഴിച്ച് നിര്‍മിക്കുന്ന അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം കുറിച്ച് ചൈന.
ചൈനീസ് പ്രീമിയര്‍ ലി ക്വിയാങ് ആണ് അണക്കെട്ടിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയത്. ടിബറ്റ് സ്വയംഭരണ പ്രദേശത്തെ നിയിങ്ചിയിലെ മെയിന്‍ലിങ് ജലവൈദ്യുത നിലയത്തിന്റെ നിര്‍മാണ സ്ഥലത്താണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നതെന്ന് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിത വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായി മാറുമെന്ന് കരുതുന്ന ഈ ജലവൈദ്യുത പദ്ധതി, നദിയുടെ താഴ്ഭാഗത്തുള്ള രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
പദ്ധതിയില്‍ അഞ്ച് ജലവൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടും, ഇതിനായി ഏകദേശം 1.2 ട്രില്യണ്‍ യുവാന്‍ (ഏകദേശം 167.8 ബില്യണ്‍ യുഎസ് ഡോളര്‍) വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 30 കോടിയിലധികം ആളുകളുടെ വാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ വൈദ്യുതിയാകും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുക എന്നാണ് പറയപ്പെടുന്നത്.
ചൈന ഔദ്യോഗികമായി സിസാങ് എന്ന് വിളിക്കുന്ന ടിബറ്റിലെ പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, പുറമെയുള്ള ഉപഭോഗത്തിനായാണ് പ്രധാനമായും ഇവിടുത്തെ വൈദ്യുതി വിതരണം ചെയ്യുക. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ബ്രഹ്‌മപുത്ര നദി അരുണാചല്‍ പ്രദേശിലേക്കും തുടര്‍ന്ന് ബംഗ്ലാദേശിലേക്കും ഒഴുകുന്നതിനായി ഒരു വലിയ വളവ് തിരിയുന്ന ഒരു ഭീമന്‍ മലയിടുക്കിലാണ് അണക്കെട്ട് നിര്‍മിക്കുന്നത്. ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് പുറമെ അണക്കെട്ടിന്റെ വലുപ്പവും വ്യാപ്തിയും സംഘര്‍ഷ സമയങ്ങളില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്ന രീതിയില്‍ വലിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ ചൈനയെ പ്രാപ്തമാക്കുമെന്നതാണ് ഇന്ത്യയില്‍ ആശങ്കകള്‍ക്ക് കാരണമായത്. അരുണാചല്‍ പ്രദേശില്‍ ബ്രഹ്‌മപുത്രയ്ക്ക് കുറുകെ ഇന്ത്യയും ഒരു അണക്കെട്ട് നിര്‍മിക്കുന്നുണ്ട്.