നീതിമാനായി ഒരുവന്‍പോലുമില്ലായെന്ന് ബൈബിള്‍: പക്ഷേ യൗസേപ്പിതാവിനെ നീതിമാനായി എന്തുകൊണ്ട് വിശേഷിപ്പിക്കുന്നു?

 
JOSEPH



നീതിമാനായി ഒരുവന്‍പോലുമില്ലായെന്ന് ബൈബിള്‍: പക്ഷേ യൗസേപ്പിതാവിനെ നീതിമാനായി എന്തുകൊണ്ട് വിശേഷിപ്പിക്കുന്നു? ഇപ്രകാരമൊരു ചോദ്യത്തിനു വലിയ പ്രസക്തിയില്ലെങ്കിലും നീതിമാനായി ഒരുവന്‍ പോലുമില്ല എന്ന ബൈബിള്‍ വചനവും യൗസേപ്പ് നീതിമാനായിരുന്നു എന്ന സുവിശേഷ വചനവും നീതി എന്ന വാക്കിന്റെ കാര്യത്തില്‍ ഏകതാനത പുലര്‍ത്തുന്നു. 


14 -ആം സങ്കീര്‍ത്തനത്തിലാണ് ആദ്യമായി ഈ വാചകം കാണുക. അത് എപ്രകാരമാണ്; ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; മ്ലേച്ഛതയില്‍ മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു; 

നന്മ ചെയ്യുന്നവര്‍ ആരുമില്ല. കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു മനിഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു. 

എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്മ ചെയ്യന്നവനില്ല, ഒരുവന്‍ പോലുമില്ല (സങ്കീ 14:1-3) ഇക്കാര്യം ഇതേരൂപത്തില്‍ 53-ആം സങ്കീര്‍ത്തനത്തിലും കാണാം കഴിയും.

 നന്മ ചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല എന്ന സങ്കീര്‍ത്തനവചനം ചില വ്യതിയാനങ്ങളോടെ റോമാക്കാര്‍ക്കുള്ള ലേഖനം 3:10-17 ല്‍ ഇപ്രകാരം കാണുന്നു:

'നീതിമാനായി ആരുമില്ല; ഒരുവന്‍ പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരവനുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. 


അവര്‍ തങ്ങളുടെ നാവ് വഞ്ചനയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്. അവരുടെ വായ് ശാപവും കയ്പ്പും കൊണ്ടു നിറഞ്ഞിരിക്കുന്നു.

 അവരുടെ പാദങ്ങള്‍ രക്തം ചൊരിയാന്‍ വെമ്പുന്നു. അവരുടെ പാതകളില്‍ നാശവും ക്ലേശവും പതിയിരിക്കുന്നു. സമാധാനത്തിന്റെ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ. അവര്‍ക്കു ദൈവഭയമില്ല.'

സങ്കീര്‍ത്തനങ്ങളില്‍ മേല്‍പറഞ്ഞ പ്രകാരം കാണുന്നത് ദൈവവിശ്വാസമില്ലാത്തവനെക്കുറിച്ചു പറയുന്ന അവസരത്തിലാണ്. ദൈവത്തില്‍ ആശ്രയംവയ്ക്കാത്തവനും ദൈവത്തെ ഭയപ്പെടാത്തവനും തിന്മയും അനീതിയും പ്രവര്‍ത്തിക്കുന്നവനായിരിക്കും. ഈ ആശയത്തിന്റെ പിന്‍ബലത്തിലാണ് റോമക്കാര്‍ക്കുള്ള ലേഖനഭാഗത്ത് ദൈവത്തെ ഭയപ്പെടാത്തവരെയും ദൈവസ്വരം കേള്‍ക്കാത്തവരെയുംകുറിച്ചു പറയുന്നത്. 

സമാധാനത്തിന്റെ മാര്‍ഗ്ഗം അറിഞ്ഞുകൂടാത്തവരും തിന്മപറഞ്ഞുണ്ടാക്കുന്നവരും അക്രമം പ്രവര്‍ത്തിക്കുന്നവരുമാണ് അവര്‍. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ വിഭാഗത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് വിശുദ്ധ പൗലോസ് പറയുന്നത് നീതിമാനായി ഒരുവന്‍ പോലുമില്ല എന്ന്. 

അല്ലാതെ ഇത് ഒരു സാര്‍വത്രിക പ്രഖ്യാപനം അല്ല. അതിനാല്‍ നീതിമാന്മാരായി അനേകര്‍ പലസ്ഥലങ്ങളിലും ഉണ്ട്. ലോകം തിന്മയില്‍ മുഴുകിയിരിക്കുന്നു എന്നു പറഞ്ഞാല്‍ തിന്മ പ്രവര്‍ത്തിക്കാതെ ജീവിക്കുന്നവര്‍ ഇല്ല എന്നര്‍ത്ഥമില്ല.

ഈ ചോദ്യത്തില്‍ യൗസേപ്പുപിതാവിനെക്കുറിച്ച് നീതിമാന്‍ എന്ന പരാമര്‍ശം എന്തുകൊണ്ട് എന്ന് മേല്‍പറഞ്ഞ വചനങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നും വ്യക്തമാണ്.

 ഒന്നാമതായി തനിക്കുണ്ടായ പ്രശ്നത്തെ ദൈവവിശ്വാസത്തിന്റെ വെളിച്ചത്തിലും ദൈവപ്രേരണയുടെ അടിസ്ഥാനത്തിലും ഉള്‍ക്കൊള്ളാനും ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മറിയത്തെ വേദനിപ്പിക്കാനും അപകീര്‍ത്തിതയാക്കാനും അദ്ദേഹം തയ്യാറായില്ല. 


അക്രമവാസനയോടെ പെരുമാറാനോ നാശം വരുത്താനോ ശ്രമിക്കുന്നില്ല... മാത്രമല്ല, ദൈവപ്രചോദനംവഴി (സ്വപ്നത്തിലെ നിര്‍ദ്ദേശം) കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും സന്നദ്ധനായി. ഇതിനാലാണ് യൗസേപ്പിനെ നീതിമാനായി വിശേഷിപ്പിക്കുന്നത്. 


കടപ്പാട്:  വിശ്വാസവഴിയിലെ സംശയങ്ങള്‍

Tags

Share this story

From Around the Web