ബെത്ലഹേം കുടുംബ യൂണിറ്റ്: ഒരു കുടുംബചിത്രം നല്‍കുന്ന പാഠങ്ങള്‍
ഇന്നലെ മക്കളുടെ ആഗ്രഹപ്രകാരം ''ബെത്ലഹേം കുടുംബ യൂണിറ്റ്'' എന്ന സിനിമ കണ്ടു. അഭിഭാഷകരായ മക്കള്‍ കുര്യനും എയ്ഞ്ചലും, ഭാര്യ എല്‍സിയും ഒപ്പമുണ്ടായിരുന്നു.
കുടുംബത്തിന്റെ സ്‌നേഹവും ജീവിതയാഥാര്‍ത്ഥ്യങ്ങളും പങ്കുവെക്കുന്ന ഇത്തരം ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററുകളില്‍ കുടുംബസമേതം ആളുകള്‍ എത്തുന്നത് തന്നെ ഏറെ സന്തോഷം നല്‍കുന്ന കാഴ്ചയാണ്. സിനിമ കാണുന്നതിനൊപ്പം തന്നെ പരസ്പരമുള്ള ബന്ധങ്ങളും അനുഭവങ്ങളും പങ്കുവെക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.
സിനിമ കഴിഞ്ഞ് മടങ്ങുമ്പോള്‍ അമല്‍ മോന്‍ വിളിച്ചു; ''സിനിമ ഇഷ്ടപ്പെട്ടോ'' എന്ന് ചോദിച്ചു. കഴിഞ്ഞ ദിവസം ചിത്രം കണ്ട അവന്‍, അടുത്ത ദിവസം ആന്‍മേരിയെയും മമ്മിയെയും സിനിമയ്ക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് കുര്യനോട് പറഞ്ഞു. അടുത്ത ദിവസം തന്നെ മാതാപിതാക്കളെ സിനിമ കാണിക്കാന്‍ കൊണ്ടുപോകുമെന്ന് കുര്യനും മറുപടി നല്‍കി.
പതിവുപോലെ ഇന്ന് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു.
പ്രണയം തുറന്നുപറയാനും, അത് അംഗീകരിക്കാനും, വിവാഹത്തിലേക്കും കുടുംബജീവിതത്തിലേക്കും എത്തിക്കാനും വിഷമിക്കുന്ന പുതിയ തലമുറയെ സിനിമ വരച്ചുകാട്ടുന്നു. വീടുകളില്‍ നടക്കേണ്ട ആരോഗ്യകരമായ ആശയവിനിമയങ്ങളുടെ കുറവും ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രായമേറിയാലും പ്രണയവും പുതിയൊരു ജീവിതവും സാധ്യമാണെന്ന പ്രത്യാശയും, ആത്മാര്‍ത്ഥമായ സ്‌നേഹത്തിന് എപ്പോഴും വിജയസാധ്യതയുണ്ടെന്ന ഉറപ്പും ഈ ചിത്രം നല്‍കുന്നു. ഒപ്പം അഭിനേതാക്കളുടെ സ്വാഭാവികമായ പ്രകടനവും കഥ പറച്ചിലിന്റെ ലാളിത്യവും മനസ്സ് നിറയ്ക്കുന്നുണ്ട്.
മാതാപിതാക്കളും മക്കളും തമ്മിലുള്ള തുറന്ന സംഭാഷണങ്ങള്‍ക്കും പരസ്പരവിശ്വാസത്തിനും കുടുംബജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. പ്രണയവും വിവാഹവും പ്രശ്‌നങ്ങളും തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന കുടുംബങ്ങളാണ് മികച്ചൊരു തലമുറയെ വാര്‍ത്തെടുക്കുന്നത്. ആ സന്ദേശം മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സിനിമയ്ക്ക് സാധിച്ചു.
അങ്കമാലിയിലെ രണ്ട് കത്തോലിക്കാ കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ, കുടുംബസമേതം കണ്ടിരിക്കാവുന്ന നല്ലൊരു ചിത്രം. മനസ്സില്‍ തൊടുന്ന ഇത്തരം നല്ല സിനിമകള്‍ ഇനിയും ഏറെ ഉണ്ടാകട്ടെ.
ആശംസകള്‍!
സാബു ജോസ്
9446329343