മികച്ച വെല്‍നെസ് ഡെസ്റ്റിനേഷന്‍. കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം

 
KERALA TOURISM



ന്യൂഡല്‍ഹി: കേരള ടൂറിസത്തിനു വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025 ലെ ബെസ്റ്റ് അവാര്‍ഡ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരളത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

യാത്ര, ലൈഫ്‌സ്‌റ്റൈല്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിനെ ആദരിക്കുന്നതിനായി വായനക്കാരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ വിജയികളെ തിരഞ്ഞെടുക്കുന്നത്.

 പ്രിന്റ് ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ലോകത്തെ ആഴത്തില്‍ അനുഭവവേദ്യമാക്കുന്ന ആഗോള പ്രശസ്തമായ ട്രാവല്‍ മീഡിയയാണ് ട്രാവല്‍ പ്ലസ് ലെയ്ഷര്‍.

ഇന്ത്യയിലെ വെല്‍നെസ് ടൂറിസം രംഗത്ത് കേരളത്തിന്റെ ആധിപത്യം അടിവരയിടുന്നതാണ് ഈ ബഹുമതിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.


 ലോകമെമ്പാടുമുള്ള വെല്‍നെസ് ടൂറിസ്റ്റുകളെ കേരളത്തിന്റെ ആയുര്‍വേദ ചികിത്സകള്‍ വര്‍ഷം മുഴുവനും ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും കാലങ്ങളായുള്ള ആയുര്‍വേദ പാരമ്പര്യവും മറ്റ് ചികിത്സാ രീതികളും വിനോദസഞ്ചാരികള്‍ക്ക് പുത്തനുണര്‍വ് പകരുന്നതാണ്.

 ഇതിലൂടെ അവര്‍ കേരളത്തിലെ വെല്‍നെസ് ടൂറിസത്തിന്റെ അംബാസഡര്‍മാരായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യയുടെ എഡിറ്റര്‍-ഇന്‍-ചീഫ് അക്ഷിത എം ഭഞ്ച് ദിയോയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് പുരസ്‌കാരം ഏറ്റുവാങ്ങി.

Tags

Share this story

From Around the Web