സ്വന്തം ഇഷ്ടപ്രകാരമാണ് പ്രാര്‍ത്ഥനയെന്ന് സാക്ഷ്യപ്പെടുത്തി വിശ്വാസികള്‍. മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലേക്ക്
മുംബൈ: രാജ്യത്ത് വീണ്ടും ന്യൂനപക്ഷ വേട്ടകള്‍ക്ക് ആക്കംകൂട്ടി മഹാരാഷ്ട്രയിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വരുന്നു.
ഓഗസ്റ്റ് 28 മുതല്‍ നിയമം പൂര്‍ണ്ണതോതില്‍ നടപ്പിലാകുന്നതോടെ കടുത്ത ആശങ്കയിലാണ് മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ ക്രിസ്തീയ പ്രാര്‍ത്ഥനാസമൂഹങ്ങള്‍. നിയമത്തിന്റെ മറവില്‍ വലതുപക്ഷ സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ പുതിയൊരു മാര്‍ഗ്ഗം തേടിയിരിക്കുകയാണ് മുംബൈയിലെ പാസ്റ്റര്‍മാരും വിശ്വാസികളും.
വസി, വിരാര്‍, മീരാ-ഭയന്ദര്‍, താനെ, പാല്‍ഘര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പ്രാര്‍ത്ഥനാ ഹാളുകളില്‍ എത്തുന്ന വിശ്വാസികളോട് ഇപ്പോള്‍ പുതിയൊരു ഫോം പൂരിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയാണ്.
തങ്ങള്‍ യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വിധേയരാകാതെ, പൂര്‍ണമായും സ്വന്തം 'ഇഷ്ടപ്രകാരമാണ്' പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് എന്ന് വ്യക്തമാക്കുന്ന 'സ്വയം സാക്ഷ്യപത്രമാണ്' ഇത്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാറോ പാന്‍ നമ്പറോ സഹിതമാണ് വിശ്വാസി സമൂഹം ഈ ഫോമില്‍ ഒപ്പിട്ടുനല്‍കുന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് നേരെ നിരവധി അക്രമങ്ങളാണ് അരങ്ങേറിയിരുന്നത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ മാത്രം ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പത് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വാടകഹാളുകളിലും സ്‌കൂളുകളിലും വീടുകളിലും നടക്കുന്ന ഞായറാഴ്ച പ്രാര്‍ത്ഥനകളിലേക്ക് ബജ്റംഗ് ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുകയാണെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുന്നതാണ് പതിവ് കാഴ്ച്ച.
തുടര്‍ന്ന് പൊലീസെത്തി ഇരുവിഭാഗങ്ങളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്യും. എങ്കിലും, യോഗങ്ങള്‍ സംഘടിപ്പിച്ചവര്‍ക്കും വിശ്വാസികള്‍ക്കുമെതിരെയാണ് കൂടുതല്‍ എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതേച്ചൊല്ലി പ്രദേശത്ത് വിശ്വാസിസമൂഹം കടുത്ത അമര്‍ഷത്തിലുമാണുള്ളത്.
'ഭാവിയില്‍ ആരെങ്കിലും ചോദ്യം ചെയ്യുകയോ, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയോ ചെയ്താല്‍ തെളിവായി കാണിക്കാനാണ് ഈ ഫോമുകള്‍ സൂക്ഷിക്കുന്നത്,' വിരാറിലെ ന്യൂ ഹോപ്പ് ചര്‍ച്ച് പാസ്റ്റര്‍ സ്റ്റീവന്‍ റോസാരിയോ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. മിക്ക കേസുകളിലും അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഈ മുന്‍കരുതലെന്നും അദ്ദേഹം പറഞ്ഞു.
'മുമ്പൊക്കെ ഇഷ്ടമുള്ള വിശ്വാസം പിന്തുടരാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ പോലും എഴുതിനല്‍കേണ്ട അവസ്ഥയാണുള്ളത്,' 16 വര്‍ഷമായി ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന അനിത പട്ടേലിന്റെ ആശങ്ക ഇങ്ങനെ.
ബലപ്രയോഗം, വഞ്ചന, പ്രലോഭനം, ഭീഷണിപ്പെടുത്തല്‍ എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനങ്ങളെ കര്‍ശനമായി ശിക്ഷിക്കുന്നതാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നിയമം. വിവാഹ വാഗ്ദാനം നല്‍കിയുള്ള പരിവര്‍ത്തനങ്ങളും ഇതിന്റെ പരിധിയില്‍ വരും.
പ്രസ്തുത മതപരിവര്‍ത്തനം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട ഭാരം സംഘാടകരുടെ മേലാണ്. സ്ത്രീകള്‍, കുട്ടികള്‍, എസ്സി/എസ്ടി വിഭാഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ശിക്ഷ കൂടുതല്‍ കടുപ്പമുള്ളതായിരിക്കും.