സംഗീതത്തിന്റെ മനോഹാരിത സൗന്ദര്യത്തികവായ ദൈവത്തിലേക്ക് നയിക്കുന്നു: പാപ്പ

 
Papa

റോം: സംഗീതത്തിന്റെ സൗന്ദര്യം സൗന്ദര്യത്തികവായ ദൈവത്തെ കണ്ടുമുട്ടാന്‍ മനുഷ്യനെ ക്ഷണിക്കുന്നതായി  ലിയോ 14-ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ പാപ്പല്‍ ഉദ്യാനത്തില്‍ സംഘടിപ്പിച്ച ”കാന്റിക്കിള്‍ ഓഫ് പീസ്” (സമാധാന കീര്‍ത്തനം) എന്ന സംഗീത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം ചരമവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ലൗദാത്തോ സീ സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷനും’ ‘ആന്‍ഡ്രിയ ബോച്ചെല്ലി ഫൗണ്ടേഷനും’  സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത ഇറ്റാലിയന്‍  ഗായകന്‍ ആന്‍ഡ്രിയ ബോച്ചെല്ലിക്കൊപ്പം ഇസ്രായേല്‍, പലസ്തീന്‍, ഉഗാണ്ട, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ‘എബിഎഫ് വോയ്സസ്’ ഗായകസംഘത്തിലെ കുട്ടികളും സംഗീതപരിപാടിയില്‍ അണിനിരന്നു.

വ്യത്യസ്ത ശബ്ദങ്ങളെ സമന്വയിപ്പിച്ച് ഒരേ രാഗത്തില്‍ കോര്‍ത്തിണക്കാനുള്ള അസാധാരണ ശേഷി സംഗീതത്തിനുണ്ടെന്ന് പാപ്പ പറഞ്ഞു. ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മികച്ച ഉദാഹരണമാണ് ഒരു ഗായകസംഘം. സ്വര്‍ഗീയ സന്തോഷത്തെക്കുറിച്ച് പറയുമ്പോള്‍ വിശുദ്ധ ഗ്രന്ഥത്തിലും ലിറ്റര്‍ജിയിലും ‘മാലാഖമാരുടെയും വിശുദ്ധരുടെയും ഗായകസംഘത്തെക്കുറിച്ച്’ പ്രതിപാദിക്കുന്നത് ശ്രദ്ധേയമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

ദൈവം നല്‍കിയ കഴിവുകള്‍ വളര്‍ത്താനും, ആ കഴിവുകളിലൂടെ അവിടുത്തെ തേടാനും മാര്‍പാപ്പ യുവാക്കളെ ഉദ്‌ബോധിപ്പിച്ചു. ലൗകികമായ ആഗ്രഹങ്ങള്‍ക്ക് അപ്പുറം വലിയ കാര്യങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സൗജന്യ വിദ്യാഭ്യാസത്തിനും പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ ഉന്നമനത്തിനുമായി ആന്‍ഡ്രിയ ബോച്ചെല്ലി ഫൗണ്ടേഷന്‍ നടത്തുന്ന സേവനങ്ങളെയും മാര്‍പാപ്പ അഭിനന്ദിച്ചു.

Tags

Share this story

From Around the Web