അടി മതി, ഇനി വേണ്ടത് ഇടപെടല്‍. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ മാര്‍പാപ്പയുടെ ഇടപെടല്‍ തേടി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. പരാതി ക്രൈസ്തവ വേട്ടയുടെ കണക്കുകള്‍ സഹിതം

 
united christians forum

ന്യൂഡല്‍ഹി : ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മാര്‍പാപ്പയുടെ ഇടപെടല്‍ തേടി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം(യു.സി.എഫ്). 

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ വത്തിക്കാന്‍ പ്രതിനിധിയും സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്‌സിനുമായ ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലാഗറിനാണ് യു.സി.എഫ് ദേശീയ കോര്‍ഡിനേറ്റര്‍ ഒപ്പിട്ട നിവേദനം ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ കൈമാറിയത്.

രാജ്യത്ത് നടക്കുന്ന ക്രൈസ്തവ വേട്ടയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ സഹിതമാണ് വത്തിക്കാന്‍ ്രപതിനിധിക്ക് ആറ് പേജടങ്ങുന്ന പരാതി നല്‍കിയിട്ടുള്ളത്.  

20 കാര്യങ്ങളാണ് പരാതിയില്‍ അക്കമിട്ട് നിരത്തിയിട്ടുള്ളത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍ രപദേശിലും ഛത്തിസ്ഗഡിലുമാണ് ഏറെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും നിവേദനത്തില്‍ പറയുന്നു. ഛത്തീഗഡിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും ഇതില്‍ വിവരിച്ചിട്ടുണ്ട്. 

മതപരിവര്‍ത്ത നിരോധന നിയമങ്ങളുടെ മറവില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിക്കുകയാണെന്നും നിയമപരമായ മതാചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളെ ക്രിമിനല്‍വല്‍ക്കരിച്ച് ഉപദ്രവിക്കുകയാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.

 യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴിലുള്ള ഉത്തര്‍പ്രദേശിലെ പല സ്ഥലങ്ങളിലും നടക്കുന്ന സംഭവങ്ങളും വിവരിക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഛത്തീഗഡിലാണ് ഏറെ അക്രമങ്ങള്‍ ഉണ്ടായതെന്നും, 2023ല്‍ 734, 2024ല്‍ 834 അതിക്രമങ്ങളും രാജ്യത്താകെ ഉണ്ടായതായി നിവേദനത്തില്‍ യു.സി.എഫ് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ഒരു നിവേദനം രാജ്യത്തെ ഒരു ക്രൈസ്തവ സംഘടനയും പുരോഹിതനും ചേര്‍ന്ന് വത്തിക്കാന് കൈമാറുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്. 

ആദിവാസികള്‍ക്കും ദലിതര്‍ക്കും നേരെ നടന്ന നീതി രഹിത്യത്തിന്റേയും കണക്കുകള്‍ യു.സി.എഫ് വ്യക്തമാക്കുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും അനുമതി ലഭിക്കാത്ത അവസ്ഥയെക്കുറിച്ചും ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചു ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകാന്‍ ക്രിസ്ത്യാനികളായ ആദിവാസികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായുള്ള കാര്യങ്ങളും ഇതില്‍ വിശദീകരിക്കുന്നു. 

ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങളില്‍ കുട്ടികളും സ്ത്രീകളും ഇരയാവുന്നതും പതിവാണെന്നും മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ദുരുപയോഗം വ്യാപകമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ക്രൈസ്തവരുടെ ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ നിരന്തര അതിക്രമങ്ങളാണ് ഉണ്ടാവുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 

ഇന്ത്യയിലെ ക്രിസ്ത്യാനികളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുയെന്ന ലക്ഷ്യത്തോ ടെ 2014ല്‍ രൂപീകരിച്ച ഇന്ത്യയിലെ ക്രിസ്ത്യന്‍ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. 

ഇന്ത്യയിലെ ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും വിവിധ പ്രശ്നങ്ങളില്‍ നീതി ലഭ്യമാക്കുന്നതിനും നിയമ പരമായ പിന്തുണ നല്‍കുന്നതിനും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.
 

Tags

Share this story

From Around the Web