അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് ശക്തം

 
medical


ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഏകദേശം 490-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ഈ പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു.

അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയര്‍ത്തുക എന്നതാണ് നഴ്സുമാരുടെ പ്രധാന ആവശ്യം. കൂടാതെ ആരോഗ്യ മേഖലയിലെ കരാര്‍
നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, ഷിഫ്റ്റ് സമ്പ്രദായം ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നു. നഴ്സിങ് അധ്യാപകര്‍ക്ക് യുജിസി സ്‌കെയില്‍ അനുവദിക്കണമെന്നും, 'തുല്യ ജോലിക്ക് തുല്യ വേതനം' എന്ന തത്വം എന്‍എച്ച്എം, പാലിയേറ്റീവ് ജീവനക്കാര്‍ക്ക് ബാധകമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.


പണിമുടക്ക് മൂലം ആശുപത്രികളില്‍ വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് നഴ്സുമാര്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. നിലവില്‍ അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാണ് നഴ്സുമാരുടെ സേവനം ലഭ്യമാകുന്നത്. രോഗി-നഴ്സ് അനുപാതം കൃത്യമായി പാലിക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ അനുകൂലമായ നടപടി ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. നഴ്സിങ് റാങ്ക് ഹോള്‍ഡേഴ്‌സിനെ സംരക്ഷിക്കണമെന്ന ആവശ്യവും സംഘടന ശക്തമായി ഉന്നയിക്കുന്നുണ്ട്.

Tags

Share this story

From Around the Web