രാവിലെ ബാര്‍ പൂട്ടിച്ചു. വെല്ലുവിളിച്ച് വൈകുന്നേരം വീണ്ടും തുറന്നു. മന്ത്രി അറിഞ്ഞു, ലൈസന്‍സ് പോയി

 
bar



മണര്‍കാട്(കോട്ടയം): എക്സൈസ് അധികൃതര്‍ രാവിലെ പൂട്ടിച്ച ബാര്‍ വൈകീട്ട് വീണ്ടും തുറന്നതില്‍ കടുത്ത നടപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. 

മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കോട്ടയത്തെ മണര്‍കാട് രാജ് റീജന്റ് ബാറിന്റെ ലൈസന്‍സ് റദ്ദാക്കി. നിയമവിരുദ്ധമായി ശനിയാഴ്ച അതിരാവിലെ പ്രവര്‍ത്തിച്ച ബാര്‍, എക്സൈസിന്റെ മിന്നല്‍ പരിശോധനയെത്തുടര്‍ന്ന് രാവിലെ പൂട്ടിച്ചു. ഇതുസംബന്ധിച്ച നോട്ടീസും ഉദ്യോഗസ്ഥര്‍ ബാര്‍ അധികാരികള്‍ക്ക് കൈമാറിയിരുന്നു.


 എന്നാല്‍, ഉദ്യോഗസ്ഥരുടെ നടപടിയെ വെല്ലുവിളിച്ച് വൈകീട്ടോടെ ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു. ബാര്‍ പ്രവര്‍ത്തിച്ചതറിഞ്ഞ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. 

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ബാര്‍ പൂട്ടിച്ച ഉദ്യോഗസ്ഥരുടെ നടപടി ലംഘിച്ചാണ് ഉടമ ബാര്‍ തുറന്നുപ്രവര്‍ത്തിച്ചതെന്ന് അറിഞ്ഞു. 

അതോടെ മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് എക്സൈസ് കമ്മിഷണര്‍ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള നടപടി ബാര്‍ മാനേജ്മെന്റിന് നല്‍കുകയായിരുന്നു.


കോട്ടയംജില്ലയിലെ ബാറുകള്‍ സംസ്ഥാനത്തെ മറ്റുബാറുകളുടെ സമയക്രമത്തിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തേ മന്ത്രി എം. ലിജു വിമര്‍ശിച്ചിരുന്നു. 

അതിരാവിലെ തുറക്കുന്ന ബാറുകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച രാജ് റീജന്റ് ബാറില്‍ പുലര്‍ച്ചെ മിന്നല്‍പ്പരിശോധന നടത്തിയത്.

Tags

Share this story

From Around the Web