'അഞ്ച് ദിവസം സാവകാശം ചോദിച്ചിട്ടും ബാങ്ക് വഴങ്ങിയില്ല'; കവിതയുടെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് ബന്ധുക്കള്‍,ബാങ്കിന്റെ കടുംപിടുത്തമാണ് കവിതയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ ജപ്തി നടപടികള്‍ക്കിടെ സ്ത്രീ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധത്തിനൊരുങ്ങി കുടുംബം. തിങ്കളാഴ്ച കവിതയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് കവിതയുടെ ബന്ധുക്കള്‍ പറഞ്ഞു. വായ്പ തിരിച്ചടവിന് അഞ്ച് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും ബാങ്കിന്റെ കടുംപിടുത്തമാണ് കവിതയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം .
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ബാങ്ക് പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി മൃതദേഹവുമായി ബാങ്കിന് മുന്‍പില്‍ പ്രതിഷേധിക്കും.
2018ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്ന് ഭവനനിര്‍മാണ ആവശ്യത്തിനായാണ് കവിതയും ഭര്‍ത്താവ് ബാബുവും വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ 50 ലക്ഷം രൂപയായി തിരിച്ചടവ് ഉയര്‍ന്നു .
ഇന്നലെ രാവിലെ 11 മണിയോടെ ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ കൂത്താളിയിലെ വീട്ടിലേക്ക് എത്തി. ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് വീടിന് പുറകിലെ പഴയ വീട്ടില്‍ കവിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാനായി വായ്പ തിരിച്ചടവിലേക്ക് നിശ്ചിത തുക അടയ്ക്കാന്‍ 5 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുപോലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ല എന്ന് കവിതയുടെ ഭര്‍ത്താവ് ബാബു ആരോപിച്ചിരുന്നു.