ഇല്ലിക്കല്‍ കല്ലിലെ അനധികൃത ട്രക്കിങ് തടയാന്‍ കര്‍ശനമായ നടപടികളുമായി അധികൃതര്‍. കാളക്കൂടു വഴി ഇല്ലിക്കല്‍ കല്ലില്‍ അനധികൃതമായി പ്രവേശിക്കുന്നത് കര്‍ശനമായി തടയും.സ്ഥലത്ത് പോലീസ് പട്രോളിങ് ഉറപ്പാക്കും
കോട്ടയം: ഇല്ലിക്കല്‍ കല്ലിലെ അനധികൃത ട്രക്കിങ് തടയാന്‍ കര്‍ശനമായ നടപടികളുമായി അധികൃതര്‍. കഴിഞ്ഞ ദിവസം യുവാക്കള്‍ നടത്തിയ സാഹസ പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പാലാ ആര്‍ഡിഒ ആണ് യോഗം വിളിച്ചത്. മൂന്നിലവ്, തലനാട് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഡിടിപിസി സെക്രട്ടറി, മീനച്ചില്‍ തഹസീല്‍ദാര്‍ , പോലീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കാളക്കൂടു വഴി ഇല്ലിക്കല്‍ കല്ലില്‍ അനധികൃതമായി പ്രവേശിക്കുന്നത് കര്‍ശനമായി തടയാനും സ്ഥലത്ത് പോലീസ് പട്രോളിങ് നടത്തുന്നതിനും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അര്‍ഡിഒ നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം നിയന്ത്രണം ലംഘിച്ചാണ് ക്യാമറയുമായി രണ്ട് യുവാക്കള്‍ ഇല്ലിക്കല്‍ കല്ലിലെ അപകടകരമായ പാറക്കു മുകളില്‍ കയറിയത്. അള്ളിപ്പിടിച്ചാണ് മലകയറിയത്. പക്ഷേ തിരിച്ചിറങ്ങാന്‍ വഴികാട്ടാതെ യുവാക്കള്‍ കുടുങ്ങി. കഷ്ടപ്പെട്ട് ഇറങ്ങുന്നതിനിടെ ഒരാള്‍ തെന്നി വീഴാന്‍ പോയി. ഏറെ പണിപ്പെട്ടാണ് തിരിച്ചിറങ്ങിയത്.
സമുദ്ര നിരപ്പില്‍ നിന്ന് മൂവായിരം അടി ഉയരത്തിലാണ് ഇല്ലിക്കല്‍ കല്ലുള്ളത്. ഇവിടെ സഞ്ചാരികളെത്തുന്നിടത്ത് ഇരുമ്പ് വേലികളുണ്ട്. ഇതിന് എതിര്‍വശത്തുള്ള കാടുപിടിച്ച വഴിയിലൂടെ സാഹസികമായി കല്ലിന് ചുവട്ടിലെത്താം. എന്നാല്‍ അതിന് അനുമതിയില്ല. അനുമതിയില്ലാതെ ഇതുവഴിയാണ് യുവാക്കളെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് കല്ലില്‍ കയറാന്‍ ശ്രമിച്ച ഒരാള്‍ക്ക് വീണ് പരുക്കേറ്റിരുന്നു. ഇത്തരത്തിലുള്ള മലകയറ്റത്തിന്റെ വീഡിയോകള്‍ വൈറലായതോടെയാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നത്.