മാര്‍പാപ്പ ഉള്‍പ്പെടുന്ന അഗസ്റ്റീനിയന്‍ സമൂഹത്തിന് പുതിയ പ്രിയോർ ജനറല്‍

റോം: ലെയോ പതിനാലാമന്‍ പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന് പുതിയ പ്രിയോർ ജനറല്‍. 750 വർഷത്തിലേറെ വര്‍ഷം നീണ്ട പാരമ്പര്യമുള്ള സന്യാസ സമൂഹത്തിന്റെ 98-ാമത് പ്രിയോർ ജനറലായി ഫാ. ജോസഫ് ലോറൻസ് ഫാരെൽ, ഒഎസ്എയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ പാട്രിസ്റ്റിക് അഗസ്തീനിയാനും ഇൻസ്റ്റിറ്റ്യൂട്ടില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിലാണ് 73 വോട്ടോടെ അഗസ്റ്റീനിയന്‍ സമൂഹത്തിന് പുതിയ അധ്യക്ഷനെ ലഭിച്ചിരിക്കുന്നത്. 188-ാമത് ജനറൽ ചാപ്റ്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഫാ. അലജാൻഡ്രോ മോറൽ ആന്റൺ, ഒഎസ്എയുടെ പിന്‍ഗാമിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ വികാരി ജനറലും വടക്കേ അമേരിക്കയുടെ അസിസ്റ്റന്റ് ജനറലുമായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു ഫാ. ജോസഫ് ലോറൻസ്. ഫാ. അലജാൻഡ്രോ, അംഗീകാര മുദ്ര പുതിയ പ്രിയോര്‍ ജനറലിന് കൈമാറി. വളരെയധികം പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ശേഷം, പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് തെരഞ്ഞെടുപ്പിന് ഫലം കൈവന്നിരിക്കുന്നതെന്ന് സെന്റ് തോമസ് വില്ലനോവ പ്രവിശ്യയുടെ പ്രിയോര്‍ പ്രോവിൻഷ്യാളായ ഫാ. റോബർട്ട് പി. ഹാഗൻ പറഞ്ഞു.