മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ടെക്‌നോളജിക്കല്‍ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാര്‍ദത്തിന്റെ സന്ദേശമായി എംജിഎം
വളാഞ്ചേരി: കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വളാഞ്ചേരി എംജിഎം ടെക്‌നോളജിക്കല്‍ ക്യാമ്പസില്‍ വേറിട്ടൊരു മാതൃക. ക്യാമ്പസില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് ''പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയം'' എന്ന് നാമകരണം ചെയ്തതാണ് ചടങ്ങിലെ ശ്രദ്ധേയമായ നിമിഷമായത്.
2026 ബാച്ചിലെ B.Tech, Polytechnic Diploma വിദ്യാര്‍ത്ഥികളുടെ Welcoming Ceremony, പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം, ജീവാമൃതം പദ്ധതിയുടെ ഉദ്ഘാടനം എന്നിവയോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് സ്വാഗതപ്രസംഗത്തിനിടെ എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ അപ്രതീക്ഷിതമായി ഓഡിറ്റോറിയത്തിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു. വേദിയിലെയും സദസ്സിലെയും ജനപ്രതിനിധികളും അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടങ്ങിയ സദസ്സിനെ അമ്പരപ്പിച്ച പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
ഉദ്ഘാടന പ്രസംഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാമകരണത്തിന് നന്ദി രേഖപ്പെടുത്തി. ഇത് മതേതരത്വത്തിന്റെ വിശാലമായ കാഴ്ചപ്പാടും സമൂഹത്തിന് നല്‍കുന്ന വലിയൊരു സന്ദേശവുമാണെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഡിറ്റോറിയത്തിന് നല്‍കിയത് ഏറെ സന്തോഷവും അത്ഭുതവും നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്റെയും സ്ഥാപനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വിദ്യാമൃതം പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതും ചികിത്സാ സഹായങ്ങള്‍, ഭവനരഹിതര്‍ക്ക് വീടുകള്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
വേദിയിലുണ്ടായിരുന്ന പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയും ജെ.പി. നൗഷാദലി എംഎല്‍എയും എംജിഎം നടത്തിവരുന്ന സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
ചടങ്ങില്‍ ഡോ. എം. അബ്ദുറഹ്മാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയവരും പങ്കെടുത്തു.
ഒരു ഓഡിറ്റോറിയത്തിന്റെ നാമകരണം എന്നതിലുപരി, മനുഷ്യസ്‌നേഹത്തിനും മതസൗഹാര്‍ദത്തിനും അതിരുകളില്ലെന്ന സന്ദേശമാണ് എംജിഎം പുതിയ തലമുറയ്ക്ക് കൈമാറിയത്.