ക്രിസ്മസിലെ അതിക്രമങ്ങള്‍; ജയില്‍ മോചിതരായ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി ബജ്‌റംഗദള്‍
റായ്പൂര്‍ (ഛത്തീസ്ഗഡ്): ക്രിസ്മസ് കാലത്ത് റായ്പൂരിലെ മാഗ്നെറ്റോ മാളില്‍ അക്രമങ്ങള്‍ നടത്തി ജയിലിലായ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സ്വീകരണമൊരുക്കി തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദള്‍.
ജയില്‍ മോചിതരായ ആറ് പ്രവര്‍ത്തകരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജയില്‍ കവാടത്തില്‍ മാലയിട്ടു സ്വീകരിച്ചത്. സ്വീകരണത്തിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.
മാഗ്നെറ്റോ മാളില്‍ അതിക്രമിച്ചു കയറി ക്രിസ്മസ് ട്രീകളും അലങ്കാരങ്ങളും നശിപ്പിക്കുകയും മാളില്‍ തടസം സൃഷ്ടിക്കുകയും ജീവനക്കാരെയും സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പോലീസ് നടപടികള്‍.
പ്രതികള്‍ക്ക് സ്വീകരണം നല്‍കിയതിനെ ന്യൂനപക്ഷ സംഘടനകള്‍ അപലപിച്ചു. അക്രമങ്ങളെ മഹത്വവല്ക്കരിക്കുന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.