ചരിത്രനേട്ടത്തിനരികെ മിഷന്‍ ആഗമന്‍; വിക്രം1 റോക്കറ്റ് വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം
Jul 18, 2026, 07:50 IST
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ആണ്. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് മിഷന്‍ ആഗമന്‍ എന്ന് പേരിട്ട ദൗത്യം നടക്കുക. ഇന്‍സ്‌പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം.
ഇതുവരെ ഇന്ത്യയില്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ച റോക്കറ്റിലായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണങ്ങള്‍. എന്നാല്‍ 'മിഷന്‍ ആഗമന്‍' യാഥാര്‍ഥ്യമാകുന്നതോടെ അതിന് മാറ്റം വരും. പൂര്‍ണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 24 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിക്കാനാകും.