ക്രിസ്തുവിന്റെ സുവിശേഷത്തിന് തീക്ഷ്ണതയോടെ സാക്ഷ്യംവഹിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നു ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പിലെന്ന് മാര്‍ റാഫേല്‍ തട്ടില്‍
ക്രിസ്തുവിന്റെ സുവിശേഷത്തിന് തീക്ഷ്ണതയോടെ സാക്ഷ്യംവഹിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നു ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പിലെന്ന് സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് നിര്യാതനായ ഗുവാഹത്തി അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പിലിന്റെ നിര്യാണത്തില്‍ നല്‍കിയ അനുശോചന സന്ദേശത്തിലാണ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഇത് പറഞ്ഞത്.
ക്രിസ്തു സമാനമായ സ്‌നേഹത്തോടെ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ സഭാചരിത്രത്തിലെ സുവര്‍ണ്ണ ഏടുകളാണന്നു മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് അനുസ്മരിച്ചു.
സുവിശേഷ പ്രഘോഷണത്തോടൊപ്പം തന്നെ, വിവിധ സംസ്‌കാരങ്ങളെയും ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയായും സംഘര്‍ഷ ഭൂമികളില്‍ സമാധാനത്തിന്റെ ദൂതനായും അദ്ദേഹം ലോകത്തിന് മാതൃക കാട്ടിയെന്നും തന്റെ ലളിതമായ ജീവിതശൈലിയിലൂടെയും ആഴമേറിയ പാണ്ഡിത്യത്തിലൂടെയും സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു .
താന്‍ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത കര്‍ത്താവിന്റെ സന്നിധിയില്‍ മേനംപറമ്പില്‍ പിതാവിന് ശാന്തിയും നിത്യസമ്മാനവും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും പിതാവിന്റെ വിയോഗത്തില്‍ വേദനിക്കുന്ന ഗുവാഹത്തി അതിരൂപതാംഗങ്ങളുടെയും സലേഷ്യന്‍ സന്യാസ സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ഹൃദയപൂര്‍വകമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് അറിയിച്ചു .