അധ്യാപക നിയമനം വെറും പ്രഹസനം. 191 തസ്തികകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

 
teacher



തൃശ്ശൂര്‍: കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതാണെന്ന് ആക്ഷേപം. പുതുതായി 138 തസ്തികകള്‍ സൃഷ്ടിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, മറുവശത്ത് 191 തസ്തികകള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതോടെ ഫലത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നിലവില്‍ പ്രഖ്യാപിച്ച 138 തസ്തികകളില്‍ 90 എണ്ണവും പുനര്‍വിന്യാസം വഴി നികത്തേണ്ടവയാണ്. യഥാര്‍ത്ഥത്തില്‍ പുതിയതായി വരുന്നത് വെറും 48 തസ്തികകള്‍ മാത്രമാണ്. നിയമനം വൈകുന്നതോടെ ഫിലോസഫി, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു തുടങ്ങിയ വിഷയങ്ങളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയോ അവസാനിക്കാറാകുകയോ ചെയ്തിട്ടുണ്ട്. ഇത് ഒന്നാം റാങ്കുകാരെ പോലും പുറന്തള്ളുന്ന അവസ്ഥയുണ്ടാക്കുന്ന സാഹചര്യമാണ്.


നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ നടപ്പിലാക്കിയിട്ടും, കാലഹരണപ്പെട്ട പഴയ മൂന്നുവര്‍ഷ കോഴ്‌സുകളുടെ ജോലിഭാരം കണക്കാക്കിയാണ് തസ്തികകള്‍ നിശ്ചയിക്കുന്നത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശകളില്ലാതെ സെക്രട്ടറി തലത്തില്‍ എടുത്ത തീരുമാനമാണിതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.


 സ്ഥിരം അധ്യാപകരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പല കോളേജുകളും ഗസ്റ്റ് അധ്യാപകരെ വെച്ച് ക്ലാസുകള്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവുകള്‍ പോലും പലപ്പോഴും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Tags

Share this story

From Around the Web