യുക്രൈനിൽ ക്രിസ്തു വിശ്വാസം കരുത്താർജ്ജിക്കുന്നതായി അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ വെളിപ്പെടുത്തല്‍

 
Comgo noonsho

കീവ്: യുദ്ധത്തിന്റെ ഭീകരത രാജ്യത്തെ വേട്ടയാടിയപ്പോഴും രാജ്യത്തു നിലനില്‍ക്കുന്നത് ജ്വലിക്കുന്ന വിശ്വാസമാണെന്ന വെളിപ്പെടുത്തലുമായി യുക്രൈനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ. യുദ്ധത്തിന്റെ ഭീകരത രാജ്യത്തെ മുൻനിര പ്രദേശങ്ങളിലെ നിരവധി ആളുകളെ ദൈവത്തിലേക്ക് തിരികെ നയിച്ചിട്ടുണ്ടെന്ന് യുക്രൈനിലെ വത്തിക്കാൻ അംബാസഡറായ ആർച്ച് ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ് പറഞ്ഞു. അപകടസാധ്യതകൾക്കിടയിലും നിരവധി വൈദികരും, സന്യാസി സന്യാസിനികളും അപകടകരമായ പ്രദേശങ്ങളിലെ ആളുകളെ സേവിക്കുന്നത് തുടരുകയാണെന്നും കൂദാശകൾ, മാനുഷിക സഹായം, കൗൺസിലിംഗ്, വൈകാരിക പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


യുദ്ധമേഖലകളിൽ "അവിശ്വാസികൾ അവശേഷിക്കുന്നില്ല". നിരന്തരമായ മിസൈൽ ആക്രമണങ്ങള്‍ക്കിടെ ജീവിക്കുന്ന സൈനികരും ദുഃഖിതരായ കുടുംബങ്ങളും സാധാരണക്കാരും പ്രത്യാശയ്ക്കും ശക്തിക്കും വേണ്ടി പ്രാർത്ഥനയിലേക്കും സഭയിലേക്കും കൂടുതലായി തിരിയുന്നുവെന്ന് ആർച്ച് ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ് വ്യക്തമാക്കി. 2022-ൽ റഷ്യയുടെ പൂർണ്ണ തോതിലുള്ള അധിനിവേശത്തിന് മുന്‍പ് മുതൽ കീവിൽ തുടരുന്ന ന്യൂൺഷ്യോ, നിലവിലുള്ള സംഘർഷം മൂലമുണ്ടായ കഷ്ടപ്പാടുകൾക്കിടയില്‍ അസാധാരണമായ ആത്മീയ ഉണര്‍വാണുള്ളതെന്നും വ്യക്തമാക്കി.


മാനസിക ആഘാതം, സ്ഥാനഭ്രംശം, നഷ്ടം എന്നിവ നേരിടുമ്പോൾ ആളുകൾ സമാധാനവും ആശ്വാസവും അർത്ഥവും തേടുന്ന അഭയകേന്ദ്രങ്ങളായി യുക്രൈനിലെ പള്ളികൾ മാറിയിട്ടുണ്ട്. യുദ്ധക്കളത്തിൽ അനിശ്ചിതത്വവും മരണവും കണ്‍മുന്നില്‍ നേരിടുന്ന സൈനികർക്ക് വിശ്വാസം വളരെ പ്രധാനമായി മാറിയിരിക്കുകയാണെന്നും സൈനിക ചാപ്ലിൻമാരുടെ ആവശ്യം വർദ്ധിച്ചുവരികയാണെന്നും ആർച്ച് ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ് വെളിപ്പെടുത്തി. യുദ്ധദുരന്തങ്ങൾക്കിടയിലും, സാധാരണ യുക്രേനിയക്കാർക്കിടയിൽ ശ്രദ്ധേയമായ ഐക്യദാർഢ്യം, അനുകമ്പ, അടിയുറച്ച വിശ്വാസം എന്നിവയ്ക്ക് താൻ സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Tags

Share this story

From Around the Web