പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം; ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും
തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്സ് ആപ്പ് വഴിയും മറ്റ് സാമൂഹ്യമാധ്യമങ്ങൾ വഴിയും പാമ്പുകടിയേറ്റാൽ ഉടൻ 108-ലേക്ക് വിളിക്കാം ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി ആവശ്യമായ ഇഞ്ചക്ഷനും പ്രാഥമിക ചികിത്സയും നൽകുന്നതാണ് എന്ന തരത്തിൽ ഒരു വ്യാജ പ്രചാരണം വ്യാപകമായി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ സന്ദേശം നിരവധി പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ വ്യാജ പ്രചരണത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
108 ആംബുലൻസുകളിൽ നിലവിൽ ആന്റിവെനം ലഭ്യമല്ല. പാമ്പുകടിയേറ്റ രോഗിക്ക് പ്രഥമശുശ്രൂഷ നൽകി ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയാണ് 108 ആംബുലൻസ് ജീവനക്കാർ ചെയ്യുന്നത്.
പാമ്പുകടിയേറ്റാൽ 108 എന്ന നമ്പറിലേക്ക് വിളിച്ച് അടിയന്തര സഹായം തേടാം. എന്നാൽ ആന്റിവെനം ആംബുലൻസിൽ ലഭ്യമാണെന്ന ധാരണയിൽ സമയം നഷ്ടപ്പെടുത്തരുത്.