ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബര്‍മിംഗ്ഹാമിലെ ന്യൂ ബിങ്ലി ഹാളില്‍ നടന്നപ്പോള്‍
ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വിമന്‍സ് ഫോറം കണ്‍വെന്‍ഷന്‍ ബര്‍മിംഗ്ഹാമിലെ ന്യൂ ബിങ്ലി ഹാളില്‍ വച്ച് നടന്നു. രൂപതയിലെ മുഴുവന്‍ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ഉള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ കെട്ടുറപ്പിനും വളര്‍ച്ചക്കും വിശ്വാസ പരിശീലനത്തിനും സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങള്‍ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനും സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ ചൈതന്യം രൂപതയില്‍ പ്രചരിപ്പിക്കുന്നതിനും വിമന്‍സ് ഫോറം അംഗങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
വിമന്‍സ് ഫോറം രൂപതാ പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സിമ്പോസിയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ ഡോ. സി ജീന്‍ മാത്യു എസ് എച്ച്, ജോളി മാത്യു, ഡോ. ഷിന്‍സി മാത്യു, മെര്‍ലിന്‍ മാത്യു എന്നിവര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സംസാരിച്ചു.
സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ സംഘടനാ റിപ്പോര്‍ട്ടും ഡോളി ജോസി സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഡിംപിള്‍ വര്‍ഗീസ് സ്വാഗതവും ഷീജാ ജേക്കബ് നന്ദി പ്രകാശനവും നടത്തി.
സമ്മേളനത്തിന് ശേഷം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. തുടര്‍ന്ന് വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച സുവനീര്‍ പ്രകാശനം, വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹര്‍ ആയവര്‍ക്കുള്ള സമ്മാനദാനം, പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കല്‍ ചടങ്ങ്, വിവിധ റീജിയനുകളില്‍ നിന്നുള്ള കലാപരിപാടികള്‍ എന്നിവയും നടന്നു.