ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മതാദ്ധ്യാപക വാര്‍ഷിക സമ്മേളനം ശ്രദ്ധേയമായി; ആയിരത്തോളം മതാധ്യാപകരും നാല്‍പ്പതോളം വൈദികരും പങ്കെടുത്തു
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക സമ്മേളനം ലണ്ടനില്‍ നടന്നു. രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളില്‍ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാല്‍പ്പതോളം വൈദികരും പങ്കെടുത്ത സമ്മേളനം പ്രാതിനിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മുഖ്യാഥിതി ആയിരുന്നു.
വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റെവ ഡോ പോളി മണിയാട്ട് മതാധ്യാപകര്‍ക്ക് ക്ലാസ് നയിച്ചു. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മാര്‍ തോമസ് തറയില്‍ കുടുംബങ്ങളില്‍ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യം സംബന്ധിച്ചും, പ്രവാസി ജീവിതത്തിലും, ലോകത്തെവിടെ ആയിരുന്നാലും സീറോ മലബാര്‍ സഭയുടെ വ്യക്തിത്വവും, പാരമ്പര്യവും, ആരാധനാക്രമവും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും വിശ്വാസ പരിശീലകരെ ഉത്ബോധിപ്പിച്ചു.
ഉത്ഘാടന പ്രസംഗം നടത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആരാധനക്രമ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും, സഭയുടെ ഏറ്റവും വലിയ ദൗത്യമായ കര്‍ത്താവായ ഈശോ മിശിഹായെക്കുറിച്ചും അവിടുന്ന് സ്ഥാപിച്ച രക്ഷാകര രഹസ്യങ്ങളെക്കുറിച്ചും മനുഷ്യ കുലത്തിന് പറഞ്ഞു കൊടുക്കുക എന്നതും, മിശിഹായില്‍ ഉള്ള വിശ്വാസം ആരാധനയില്‍ ആഘോഷിച്ച് അത് ജീവിതക്രമമായി സ്വീകരിച്ച് പ്രാവര്‍ത്തികമാക്കുവാനുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നും പറഞ്ഞു.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ ജോബിന്‍ പെരുമ്പളത്തുശേരി , ഫാ മാത്യൂസ് വലിയപുത്തെന്‍പുര ,ആന്‍സി ജോണ്‍സണ്‍, ജെയ്മോന്‍ തോമസ് എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. രൂപത മതബോധന കമ്മീഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.