മരിയഭക്തി പ്രഘോഷിച്ച് അമേരിക്കന്‍ ജനത; ‘വാക് ടു മേരി’ തീര്‍ത്ഥാടനത്തില്‍ റെക്കോര്‍ഡ് പങ്കാളിത്തം

 
Mary

ഗ്രീന്‍ ബേ/യുഎസ്എ: അമേരിക്കയിലെ ഏക അംഗീകൃത മരിയന്‍ പ്രത്യക്ഷീകരണ കേന്ദ്രമായ ‘ഔര്‍ ലേഡി ഓഫ് ചാമ്പ്യനിലേക്ക്’ നടന്ന മരിയന്‍ തീര്‍ത്ഥാടനം ‘വാക്ക് ടു മേരി’യില്‍ ഈ വര്‍ഷം റെക്കോര്‍ഡ് പങ്കാളിത്തം. ‘അമേരിക്കയുടെ മിനി കാമിനോ’ എന്നറിയപ്പെടുന്ന ഈ 22 മൈല്‍ പദയാത്രയില്‍ ഇത്തവണ പതിനായിരത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്.


2013-ല്‍ കേവലം 300 പേരുമായി തുടങ്ങിയ ഈ യാത്രയില്‍ സഹായിക്കാനായി മാത്രം ഇന്ന് ഏകദേശ 300-ഓളം വോളണ്ടിയര്‍മാരുണ്ട് എന്നത് ഈ മരിയന്‍ തീര്‍ത്ഥാടനത്തിനുള്ള ജനപങ്കാളിത്തം വ്യക്തമാക്കുന്നു. ബ്രസീല്‍, മെക്‌സിക്കോ, ട്രിനിഡാഡ് എന്നിവിടങ്ങളില്‍ നിന്നുവരെ തീര്‍ത്ഥാടകര്‍ ഇതില്‍ പങ്കുചേരുന്നുണ്ട്. സെന്റ് ജോസഫ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നാരംഭിച്ച് നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് ചാമ്പ്യനില്‍ അവസാനിക്കുന്ന ഈ യാത്ര കുട്ടികളുടെ കത്തോലിക്കാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക, കുട്ടികളില്‍ വിശ്വാസം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് നടത്തുന്നത്.

ഈ വര്‍ഷത്തെ യാത്രയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സാന്നിധ്യം ടൈലര്‍ ജെഡ്വാബ്‌നിയുടെ കുടുംബത്തിന്റേതായിരുന്നു. തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള ‘വാക്ക് വിത്ത് ദ ചില്‍ഡ്രന്‍’ എന്ന 1.7 മൈല്‍ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് ഇവരാണ്. തന്റെ മകന്‍ ബ്രെറ്റിന് സംഭവിച്ച ഭയാനകമായ അപകടവും തുടര്‍ന്നുണ്ടായ അത്ഭുതകരമായ രോഗശാന്തിയുമാണ് ടൈലറെ ഈ ദൗത്യം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. 2024 ജൂലൈയില്‍ ഒരു പവര്‍ വാഷര്‍ പൊട്ടിത്തെറിച്ച് തലയോട്ടി തകരുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്ത ബ്രെറ്റ്, മരണത്തിന്റെ തൊട്ടടുത്ത് നിന്നാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പ്രാര്‍ത്ഥനയുടെ ശക്തിയാണ് മകനെ തിരികെ നല്‍കിയതെന്ന് വിശ്വസിക്കുന്ന ഈ കുടുംബം, തങ്ങളെ പിന്തുണച്ച ദൈവത്തിന് നന്ദി പറയാനുള്ള അവസരമായാണ് ഈ തീര്‍ത്ഥാടനത്തിന് എത്തിയത്.

Tags

Share this story

From Around the Web