അൽമായനേതൃത്വം അജപാലകരുടെ വിവേചനാധികാരത്തിന് കീഴിൽ സ്വതന്ത്രമായും ഐക്യം വളർത്തിയും മുന്നോട്ട് പോകണം: ലിയോ  പാപ്പാ

 
Leo papa

സമൂഹത്തെയും സംഘടനകളെയും നയിക്കുകയെന്നാൽ, അവയിൽ അംഗങ്ങളായ വ്യക്തികളുടെ വളർച്ച ഉറപ്പാക്കുന്ന രീതിയിൽ സുരക്ഷിതവും ഉറപ്പുള്ളതുമായ മാർഗ്ഗത്തിലും ദിശയിലും അവരെ നയിക്കുക എന്നാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. സഭയിലും ഇതുപോലെ ഉത്തരവാദിത്വത്തോടെ നയിക്കാനും ഭരിക്കാനുമുള്ള ഉത്തരവാദിത്വമാണ് നേതൃത്വങ്ങൾ നിർവ്വഹിക്കേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അല്മയർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ കീഴിൽ, വിശ്വാസികളുടെ അസോസിയേഷനുകൾ, സഭാപ്രസ്ഥാനങ്ങൾ, നവസമൂഹങ്ങൾ എന്നിവയുടെ നേതൃത്വനിരയിലുള്ളവർക്ക് മെയ് 21 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

സഭയെന്നാൽ ഒരു സമൂഹമാണെങ്കിലും, അത്, രക്ഷാകരപദ്ധതിയുടെ ഭാഗമായി ക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ടതാണെന്നതിനാൽത്തന്നെ അതിന് കൗദാശികമായ ഒരു ഭാവമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തികച്ചും സാങ്കേതികമായ ഒരു ഭാവം മാത്രമല്ല സഭയ്ക്കുള്ളതെന്ന് ആവർത്തിച്ച പാപ്പാ, വിശ്വാസികളുടെ ആത്മീയ നന്മ ഉറപ്പാക്കാനുള്ള വിളി അതിനുണ്ടെന്ന് വിശദീകരിച്ചു.

മാമ്മോദീസയിലൂടെ സ്വീകരിച്ച ക്രിസ്തുവിന്റെ രാജകീയാധികാരത്തിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് അൽമായർക്ക് വിശ്വാസികളുടെ അസോസിയേഷനുകളിലും സഭാപ്രസ്ഥാനങ്ങളിലും പൊതുവെ ഭരണാധികാരം ലഭിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

സഭയിൽ ഭരണം എന്നത് എല്ലാവരുടെയും ശുശ്രൂഷയ്ക്കും ഉപകാരത്തിനും വേണ്ടിയുള്ളതാകണമെന്നും, അത് സമൂഹത്തിന്റെ പൊതുവായ നന്മ പ്രോത്സാഹിപ്പിക്കുന്നതാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മേൽത്തട്ടിൽനിന്ന് അടിച്ചേല്പിക്കപ്പെടുന്നത് എന്നതിനേക്കാൾ സ്വതന്ത്രവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകളിലൂടെ നടക്കേണ്ട ഒന്നാണ് സഭാസമൂഹത്തിലെ അൽമായ നേതൃത്വം എന്നും, അതേസമയം, മറ്റു സിദ്ധികളുടെ കാര്യത്തിലെന്നപോലെ, സഭാസമൂഹത്തെ ശ്രദ്ധാപൂർവ്വം നയിക്കുന്ന ഇടയന്മാരുടെ വിവേചനാധികാരത്തിന് വിധേയമായിരിക്കണം അതെന്നും പാപ്പാ പറഞ്ഞു.

ഭരണമേഖലയിലുള്ളവർ മറ്റുള്ളവരെ ശ്രവിക്കുന്നതിന്റെയും, കൂട്ടുത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെയും, സുതാര്യതയോടെയും സഹോദര്യപൂർണ്ണമായ സാമീപ്യത്തോടെയും, സാമൂഹികമായ വിവേചനത്തോടെയും പെരുമാറേണ്ടതിന്റെയും പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

സഭയിൽ ഭരണം നടത്തുകയെന്നത് ഏറെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും, അതിൽ ഏവരെയും ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ച പാപ്പാ, സമൂഹത്തിൽ ഐക്യം വളർത്താനുള്ള കടമയെക്കുറിച്ചും സംസാരിച്ചു  ഇത് സ്വന്തം സമൂഹത്തിൽ മാത്രമല്ല, സഭയ്ക്കുള്ളിലെ എല്ലാ യാഥാർത്ഥ്യങ്ങളുടെയും കാര്യത്തിലും ഉണ്ടാകേണ്ടതാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

സംഘടനകളുടെയും സമൂഹങ്ങളുടെയും സ്ഥാപനസിദ്ധികളോട് വിശ്വസ്തത പുലർത്തിക്കൊണ്ടുവേണം നേതൃനിരയിലുള്ളവർ പ്രവർത്തിക്കേണ്ടതെന്നും ലിയോ പതിനാലാമൻ പാപ്പാ സംഘടനാനേതൃത്വങ്ങളെ ഓർമ്മിപ്പിച്ചു. വിശ്വാസികളുടെ അസോസിയേഷനുകളും സഭയിലെ വിവിധ പ്രസ്ഥാനങ്ങളും സഭയ്ക്ക് ലഭിച്ചിട്ടുള്ള വലിയ അനുഗ്രഹങ്ങളാണെന്നും പാപ്പാ പ്രസ്താവിച്ചു.

Tags

Share this story

From Around the Web