ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ആശങ്ക രേഖപ്പെടുത്തി

 
christian

ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്): ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ആശങ്ക രേഖപ്പെടുത്തി. 

അരുണാചല്‍ പ്രദേശില്‍ ചേര്‍ന്ന കാത്തലിക് യൂണിയന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗം എട്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി. മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം, നിയമപരമായ സമ്മര്‍ദ്ദങ്ങള്‍, സാമൂഹിക ബഹിഷ്‌കരണം, വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ എന്നിവ മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. 

അരുണാചല്‍ പ്രദേശിലെ വിവാദമായ 'ഫ്രീഡം റിലീജിയസ് ആക്ട്' നടപ്പിലാക്കാനുള്ള നീക്കങ്ങളില്‍ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. നിയമത്തിലെ ചില അവ്യക്തകള്‍ ക്രിസ്ത്യന്‍ മിഷനറിമാരെ ലക്ഷ്യമാക്കിയുള്ളതാണെന്ന് യോഗം വിലയിരുത്തി. മണിപ്പൂരിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി അടിയന്തര ഇടപെടല്‍ വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.

മേഘാലയയിലെ ഗോത്ര പദവി സംബന്ധിച്ച പ്രശ്നങ്ങളും, അസമിലും ത്രിപുരയിലും പ്രാര്‍ത്ഥ നായോഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ക്രൈസ്തവര്‍ക്കെതിരായി നാഗാലാന്‍ഡില്‍ നടക്കുന്ന അക്രമങ്ങളെ യോഗം അപലപിച്ചു. 

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ഒഴിവുകള്‍ നികത്തണമെന്നും സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web