വ്യോമസേന വിങ് കമാന്‍ഡറെ കുടുക്കിയത് രാത്രി വൈകിയെത്തിയ ആ വാട്‌സാപ്പ് സന്ദേശം, യോഗ്യതയുള്ള ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടുന്ന സ്ത്രീയാണെന്ന വ്യാജേനയായിരുന്നു സന്ദേശം എത്തിയത്
ഡല്‍ഹി: ഹണിട്രാപ്പില്‍ കുടുങ്ങി പാക് ചാരവനിതക്ക് തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് വ്യോമസേനാ വിങ് കമാന്‍ഡറെ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 'തെറ്റായ നമ്പറിലേക്ക്' അയച്ച ഒരു സന്ദേശത്തിലൂടെയാണ് പാകിസ്താന്‍ ഏജന്റ് ഉദ്യോഗസ്ഥനെ വലയിലാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വിങ് കമാന്‍ഡര്‍ മനോരഥ് സിങ് സബര്‍വാളിന് രാത്രി വൈകി വന്ന ഒരു വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് തുടക്കം. യോഗ്യതയുള്ള ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടുന്ന സ്ത്രീയാണെന്ന വ്യാജേനയായിരുന്നു സന്ദേശം എത്തിയത്. നമ്പര്‍ മാറിപ്പോയതാണെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു.
'എനിക്ക് ശരിക്കും സഹായം ആവശ്യമുണ്ട്. നല്ലൊരു തെറാപ്പിസ്റ്റിനെ നിര്‍ദേശിക്കാന്‍ കഴിയുമോ? ഞാന്‍ വിവാഹമോചനത്തിന്റെ വക്കിലാണ്, കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നത്,' സന്ദേശമയച്ചയാള്‍ അദ്ദേഹത്തോട് പറഞ്ഞു. അതായിരുന്നു ഉദ്യോഗസ്ഥനെ വീഴ്ത്താനുള്ള കെണി. സബര്‍വാളും ആ സമയത്ത് പങ്കാളിയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. 'ഓ, ഞാനും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്,' അദ്ദേഹം മറുപടി നല്‍കി. ഇങ്ങനെയാണ് ഹണിട്രാപ്പിന് കളമൊരുങ്ങുന്നത്.
താമസിയാതെ ഇരുവരും പതിവായി സംസാരിക്കാന്‍. സംഭാഷണങ്ങള്‍ വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാറി. അത് അത് ഫോട്ടോകളുടെയും ഒടുവില്‍ നഗ്‌നചിത്രങ്ങളുടെയും കൈമാറ്റത്തിലേക്ക് നയിച്ചു. അപ്പോഴേക്കും ഐഎഎഫ് ഉദ്യോഗസ്ഥന്‍ പൂര്‍ണമായും കുടുങ്ങിയിരുന്നു. സബര്‍വാളിന് സന്ദേശമയച്ച സ്ത്രീ പാകിസ്താന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവ് (പിഐഒ) ആണെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
നഗ്‌നചിത്രങ്ങള്‍ക്ക് പകരമായി, താന്‍ ജോലി ചെയ്യുന്ന സ്ഥലം, കന്റോണ്‍മെന്റിനുള്ളിലെ പ്രദേശങ്ങള്‍, പ്രവര്‍ത്തനപരമായ വിശദാംശങ്ങള്‍, ഡ്രോണ്‍ ശേഷിയെക്കുറിച്ചുള്ള വിവരങ്ങള്‍, തന്ത്രപ്രധാനമായ കോര്‍ഡിനേറ്റുകള്‍ എന്നിവയുള്‍പ്പെടെ തന്റെ ചുറ്റുപാടുകളുടെ ഫോട്ടോകള്‍ ഉദ്യോഗസ്ഥന്‍ പങ്കിടാന്‍ തുടങ്ങിയതായി ആരോപിക്കപ്പെടുന്നു.
ഇതിനെതുടര്‍ന്ന് അറസ്റ്റിലാവുകയും ആഗസ്തില്‍ ഇയാള്‍ക്കെതിരെ ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഐഎഎഫിന്റെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സബര്‍വാള്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്ന് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. ഇത് സംഘം മുതലെടുക്കുകയായിരുന്നു. രണ്ട് മാസത്തിനിടെ കമാന്‍ഡര്‍ പിഐഒയുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ അടങ്ങിയ നിരവധി ഫോട്ടോകള്‍ പങ്കിട്ടതായി സംശയിക്കുന്നു.