മാതൃരാജ്യത്ത് വിലക്കപ്പെട്ടെങ്കിലും, 8,000 മൈലുകൾക്കപ്പുറം ഒത്തുകൂടി അഫ്ഗാൻ വനിതാ ഫുട്ബോൾ ടീം

 
9878

കളിക്കളത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടെങ്കിലും, തളരാത്ത പോരാട്ടവീര്യവുമായി അഫ്ഗാൻ വനിതാ ഫുട്ബോൾ ടീം ന്യൂസീലൻഡിൽ പുനഃസംഗമിച്ചു. അഫ്ഗാൻ വനിതാ ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു സുപ്രധാന ഏടാണിത്. താലിബാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് കായികരംഗത്തും വിദ്യാഭ്യാസത്തിനും കടുത്ത വിലക്കുകളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്ന് രാജ്യം വിടേണ്ടി വന്ന അഫ്ഗാൻ വനിതാ താരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇപ്പോൾ ഒരു ടീമായി ഒത്തുകൂടിയിരിക്കുന്നത്.

അഫ്ഗാൻ വനിതാ ടീമിന് ഔദ്യോഗിക മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഫിഫ അനുമതി നൽകിയതിന് ശേഷമുള്ള ആദ്യ ഒത്തുകൂടലാണിത്. താലിബാൻ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തന്നെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ ഇതിലൂടെ ഇവർക്ക് അവസരമൊരുങ്ങുന്നു. കുക്ക് ഐലൻഡ്സിനെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാനും പരിശീലന ക്യാമ്പിനുമായാണ് 23 അംഗ സംഘം ന്യൂസീലൻഡിൽ എത്തിയത്. മത്സരഫലങ്ങൾ എതിരായിരുന്നെങ്കിലും (0-1, 0-3), ഈ മണ്ണിൽ പന്തുതട്ടാൻ കഴിഞ്ഞത് അവർക്ക് വലിയൊരു വിജയമാണ്.

കുടുംബത്തിന്റെ എതിർപ്പുകളെയും യാഥാസ്ഥിക സമൂഹത്തിന്റെ വിലക്കുകളെയും അതിജീവിച്ചാണ് ഈ പെൺകുട്ടികൾ ഫുട്ബോളിലെത്തിയത്. പലരും സ്വന്തം മെഡലുകളും ട്രോഫികളും നാട്ടിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടാണ് പലായനം ചെയ്തത്. എങ്കിലും, “ഞങ്ങൾ അഫ്ഗാൻ സ്ത്രീകളെയാണ് പ്രതിനിധീകരിക്കുന്നത്, എപ്പോഴും ശക്തരായിരിക്കുക” എന്ന മിഡ്ഫീൽഡർ ഫാത്തിമ ഹൈദാരിയുടെ വാക്കുകൾ ഈ പെൺകുട്ടികളുടെ മനക്കരുത്തിന്റെ ആഴം വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web