ഞങ്ങളുടെ സ്റ്റേഷനിലെ കാര്യങ്ങള്‍ ഇനി ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഭദ്രം, ബോസ് ആയി പൂച്ച സാര്‍; ചീഫ് ഫെലൈന്‍ ഓഫീസര്‍ പദവി നല്‍കി മെട്രോ
മുംബൈ: ഔദ്യോഗിക പദവികളും സ്ഥാനപ്പേരുകളും മനുഷ്യര്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തിരുത്തി മുംബൈ മെട്രോയില്‍ പുതിയ 'ഉദ്യോഗസ്ഥന്‍' ചുമതലയേറ്റു.
സ്ഥിരമായി മെട്രോ സ്റ്റേഷനില്‍ വിരുന്നുകാരനായെത്തുന്ന ഒരു പൂച്ചയ്ക്കാണ് മുംബൈ മെട്രോ അധികൃതര്‍ ഔദ്യോഗികമായി 'ചീഫ് ഫെലൈന്‍ ഓഫീസര്‍' എന്ന പദവി നല്‍കിയിരിക്കുന്നത്.
മുംബൈ മെട്രോ സ്റ്റേഷനില്‍ സ്ഥിരമായി കറങ്ങിനടക്കുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്ന തവിട്ടുനിറത്തിലുള്ള ഒരു പൂച്ചയ്ക്കാണ് ഈ കൗതുകകരമായ പദവി ലഭിച്ചത്.
പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള റോന്തുചുറ്റല്‍, സുരക്ഷാ പരിശോധനകള്‍ 'നിരീക്ഷിക്കല്‍', യാത്രക്കാരുടെ ബോറടി മാറ്റാന്‍ തലോടലുകള്‍ സ്വീകരിക്കല്‍ എന്നിവയാണ് പുതിയ സിഎഫ്ഒയുടെ പ്രധാന ചുമതലകള്‍.
മെട്രോ അധികൃതര്‍ പൂച്ചയുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
''ഞങ്ങളുടെ സ്റ്റേഷനിലെ കാര്യങ്ങള്‍ ഇനി ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഭദ്രം'' എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.
ഓഫീസ് തിരക്കുകളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാനസിക ഉന്മേഷം നല്‍കുന്ന ഒരു സാന്നിധ്യമായി മാറിയിരിക്കുകയാണ് ഈ കൊച്ചു ഉദ്യോഗസ്ഥന്‍.