ഇടവകകളുടെ പ്രവര്‍ത്തനങ്ങള്‍, മക്കളെ കുറ്റപ്പെടുത്താതെ അവരെ ശ്രവിക്കുകയും പിന്തുണയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അമ്മമാരുടേതുപോലെയാകണമെന്ന് ലിയോ പാപ്പ

 
leo


റോം: ഇടവകകളുടെ പ്രവര്‍ത്തനങ്ങള്‍, മക്കളെ കുറ്റപ്പെടുത്താതെ അവരെ ശ്രവിക്കുകയും പിന്തുണയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അമ്മമാരുടേതുപോലെയാകണമെന്ന് ലിയോ 14-ാമന്‍ പാപ്പ. 

എല്ലാ ക്രൈസ്തവസമൂഹങ്ങളുടെയും ഹൃദയതുടിപ്പായ ദിവ്യകാരുണ്യത്തില്‍ നിന്നാണ് ഇത് ആരംഭിക്കേണ്ടതെന്നും റോമിന്റെ പ്രാന്തപ്രദേശത്തുള്ള സാന്താ മരിയ ഡെല്ല പ്രസന്റാസിയോണ്‍ ഇടവകയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ പാപ്പ പറഞ്ഞു. 

നോമ്പുകാലത്തോടനുബന്ധിച്ച് റോമിലെ ഇടവകകളില്‍ നടത്തിവരുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പാപ്പ ട്രൊവേച്ചിയ പ്രദേശത്തുള്ള ഈ ഇടവകയില്‍ എത്തിയത്.

യേശുവിന്റെയും സമരിയാക്കാരി സ്ത്രീയുടെയും  കണ്ടുമുട്ടലിനെക്കുറിച്ചുള്ള സുവിശേഷഭാഗം ദിവ്യബലിമധ്യേയുള്ള പ്രസംഗത്തില്‍ പാപ്പ വിശദീകരിച്ചു. സമരിയാക്കാരി സ്ത്രീയുടെ ജീവനും സ്നേഹത്തിനും വേണ്ടിയുള്ള ദാഹം നമ്മുടെ തന്നെ ദാഹമാണെന്ന് പാപ്പ പറഞ്ഞു. 

പാപത്താല്‍ മുറിവേറ്റെങ്കിലും ദൈവത്തിന് വേണ്ടി കൂടുതല്‍ തീക്ഷ്ണമായി അഭിലഷിക്കുന്ന സഭയുടെയും മനുഷ്യരാശിയുടെയും ദാഹമാണത്. യേശുവിനെക്കുറിച്ചുള്ള അറിവില്‍ സമരിയാക്കാരി ക്രമാനുഗതമായി വളരുന്നു.

ആദ്യം ഒരു പുരുഷനായും പിന്നീട് ഒരു പ്രവാചകനായും മിശിഹായായും ഒടുവില്‍ രക്ഷകനായും യേശുവിനെ സമരിയാക്കാരി തിരിച്ചറിയുന്നു. ലജ്ജയില്‍ നിന്ന് മുക്തയായി ഗ്രാമത്തിലേക്ക് മടങ്ങുന്ന സമരിയാക്കാരി സ്ത്രീക്ക് തന്റെ വിമോചകനായ യേശുവിന്റെ സാക്ഷിയായി മാറിയതായി പാപ്പ പറഞ്ഞു.

ദാരിദ്ര്യവും സാമൂഹികപ്രശ്നങ്ങളും നേരിടുന്ന ഒരു റോമന്‍ ഇടവകയാണ് സാന്താ മരിയ ഡെല്ല പ്രസന്റാസിയോണ്‍. കര്‍ദിനാള്‍ വികാരി ബാല്‍ഡോ റെയ്‌നയും ഇടവക വികാരിയായ ഫാ. പൗലോ സ്റ്റാച്ചിയോട്ടിയും ചേര്‍ന്ന് പാപ്പയെ സ്വാഗതം ചെയ്തു. 

വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ അനുഭവിക്കുന്ന 60 ഓളം ആളുകളുമായി പാപ്പ പാരിഷ് ഹാളില്‍ കൂടിക്കാഴ്ച നടത്തി. ഇടവകയിലെ യുവാക്കളോടും കുട്ടികളോടും നടത്തിയ അനൗപചാരിക സംഭാഷണത്തില്‍ എല്ലാ തരിത്തിലുമുള്ള അക്രമവും വിദ്വേഷവും ഉപേക്ഷിക്കുവാനും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വക്താക്കളാകാനും പാപ്പ യുവതയെ  ക്ഷണിച്ചു.

40 വര്‍ഷത്തിന് ശേഷമാണ് ഒരു പാപ്പ സാന്താ മരിയ ഡെല്ല പ്രെസെന്റാസിയോണ്‍ ഇടവക സന്ദര്‍ശിക്കുന്നത്. 1982- ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അവസാനമായി ഇവിടം സന്ദര്‍ശിച്ചത്.

Tags

Share this story

From Around the Web