കുറ്റകൃത്യ സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായില്ല; 21 വര്‍ഷത്തിന് ശേഷം ശിക്ഷ റദ്ദാക്കി സുപ്രിംകോടതി
ന്യൂഡല്‍ഹി: കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 21 വര്‍ഷം പഴക്കമുള്ള കേസില്‍ വ്യക്തിയുടെ ശിക്ഷ റദ്ദാക്കി സുപ്രിംകോടതി. ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്.
ഗുരുതരമായ അനീതിക്ക് കാരണമാകുന്ന പിഴവ് തിരുത്തുന്നതിന് വിധി പിന്‍വലിക്കാന്‍ സുപ്രിംകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു. ഇതിനായി ഹൈക്കോടതികള്‍ക്കുള്ള അധികാരം ഉപയോഗപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു.
2004 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശിലെ മൊറേനയില്‍ റെയില്‍വേ പാളത്തില്‍ ഭൂരിയെന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കൊലപാതകം, സ്ത്രീധനപീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
വിചാരണവേളയില്‍ പ്രധാന സാക്ഷികള്‍ മൊഴി മാറ്റിയതോടെ, കൊലപാതക, സ്ത്രീധനമരണ കുറ്റങ്ങളില്‍ നിന്ന് പ്രതികളെ വിചാരണക്കോടതി വിട്ടയച്ചു. എന്നാല്‍, തെളിവ് നശിപ്പിച്ചതിന് മഹാവീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തെ കഠിനതടവ് വിധിച്ചു. 2017-ല്‍ ഹൈക്കോടതിയും ഈ ശിക്ഷ ശരിവച്ചു.
തുടര്‍ന്ന്, കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് 17 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്നും അതിനാല്‍ താന്‍ ജുവനൈല്‍ ആണെന്നും ചൂണ്ടിക്കാട്ടി മഹാവീര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ മൊറേന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് രേഖകള്‍ പരിശോധിച്ച് മഹാവീര്‍ സംഭവസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് സ്ഥിരീകരിച്ചു.
എന്നാല്‍, കേസില്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചതിനാല്‍ ശിക്ഷ അന്തിമമായെന്നും ഇനി വിധി പുനഃപരിശോധിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി ഹരജി തള്ളി. ഇതിനെതിരെയാണ് മഹാവീര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ വാദങ്ങളെ തള്ളിയ സുപ്രിംകോടതി, കുറ്റകൃത്യം നടക്കുമ്പോഴുള്ള പ്രായമാണ് പരിഗണിക്കേണ്ടതെന്നും കേസ് അവസാനിച്ചതിന് ശേഷവും ഒരു പ്രതിക്ക് താന്‍ ജുവനൈല്‍ ആണെന്ന വാദം ഉന്നയിക്കാമെന്നും വ്യക്തമാക്കി.
സാങ്കേതികത്വത്തിന്റെ പേരില്‍ ഒരാള്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്നും നിയമനടപടികള്‍ നീതി നടപ്പാക്കാനുള്ള മാര്‍ഗമാണെന്നും കോടതി നിരീക്ഷിച്ചു.
കൂടാതെ, കൊലപാതകവും സ്ത്രീധനപീഡനവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ തെളിവ് നശിപ്പിച്ചു എന്ന കുറ്റം മാത്രം ചുമത്തി ശിക്ഷിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി മഹാവീറിനെ കേസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി.