പഹല്‍ഗാം ആക്രമണത്തിലെ പ്രതികള്‍ ഇപ്പോഴും ഒളിവില്‍?. ജമ്മു കശ്മീരില്‍ 60 ഭീകരര്‍ സജീവം. സുരക്ഷാ സേന നടപടിയില്‍

ജമ്മു: ജമ്മു ഡിവിഷനെ ഭീകര വിമുക്തമാക്കാന്‍ സുരക്ഷാ സേന വിപുലമായ തിരച്ചില്‍ കാമ്പയിന്‍ ആരംഭിച്ചു. കതുവ, കിഷ്ത്വാര്‍, രജൗരി, പൂഞ്ച്, റിയാസി എന്നീ അഞ്ച് ജില്ലകളിലെ പര്‍വതപ്രദേശങ്ങളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തി നശിപ്പിക്കാനാണ് സേനയുടെ ശ്രമം. പ്രദേശത്തിന്റെ ഓരോ ഇഞ്ചിലും സുരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്.
ഭീകരരെ എല്ലാ വശങ്ങളിലും നിന്ന് വളഞ്ഞിരിക്കുന്നതിനാല്‍ രക്ഷപ്പെടാന്‍ അവര്‍ക്കു ഏറെ പ്രയാസമാണ്. ഔദ്യോഗികമായി സേന ഭീകരരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തുന്നില്ലെങ്കിലും, ബന്ധപ്പെട്ട സ്രോതസ്സുകള്‍ പ്രകാരം ഏകദേശം 60 തീവ്രവാദികളാണ് ഈ പ്രദേശങ്ങളില്‍ സജീവം.
ഇതില്‍ 20 മുതല്‍ 25 വരെ രജൗരി-പൂഞ്ച് മേഖലയിലും കതുവ-ഉധംപൂര്‍-കിഷ്ത്വാര്‍ മേഖലയിലുമാണ്. ഭീകരര്‍ മൂന്ന് മുതല്‍ അഞ്ച് പേര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളായി നീങ്ങുന്നുണ്ടെന്നും, ഇവരെ നിരീക്ഷിക്കാന്‍ ഡ്രോണുകളും സ്നിഫര്‍ നായ്ക്കളും ഉപയോഗിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ സേനയുടെ ജാഗ്രതയും സാന്നിധ്യവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക ചെക്ക്‌പോസ്റ്റുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചു. പട്രോളിംഗ് രാത്രി സമയത്തും വര്‍ദ്ധിപ്പിച്ചു. ഭീകരര്‍ സഞ്ചരിക്കുന്ന പ്രദേശങ്ങള്‍ കൃത്യമായി തിരിച്ചറിയാനും സുരക്ഷാ സേനയെ കൂടുതല്‍ വിന്യസിക്കാനും നടപടി സ്വീകരിച്ചു.