പാമ്പാടി പതിമൂന്നാം മൈലിൽ രണ്ടു യുവതികളുടെ ജീവനെടുത്ത അപകടം സ്വകാര്യ ബസിൻ്റെ പിഴവല്ല. അപകട കാരണം റോഡിൽ സ്‌കൂട്ടർ നിർത്തി സൊറ പറഞ്ഞു നിന്ന വയോധികർ
കോട്ടയം: കെ കെ റോഡിൽ പാമ്പാടി പതിമൂന്നാം മൈലിൽ രണ്ടുപേരുടെ ജീവനെടുത്ത അപകടം സ്വകാര്യ ബസിൻ്റെ പിഴവല്ല. ഇന്ന് രാവിലെ 08:42-ന് ഉണ്ടായ അപകടത്തിൽ പാമ്പാടി കടവുംഭാഗം ഫാ. കുര്യാക്കോസിൻ്റെ മകൾ കൃപ (24) , മീനടം വട്ടക്കാവുങ്കൽ ആഷ്‌ലി ആൻ തോമസ് എന്നിവരാണ് മരിച്ചത്.
കട്ടപ്പനയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സി.എം.എസ് എന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. സ്വകാര്യ ബസ്സിന്റെ പിഴവാണ് അപകട കാരണം എന്നാണ് ആദ്യം കരുതിയത്. മറ്റു വാഹനങ്ങളുടെ ഡാഷ് കാം ദൃശങ്ങൾ പുറത്തുവന്നതോടെയാണ് അപകടകാരണം സ്വകാര്യബസല്ല എന്ന് വ്യക്തമായത്.
അപകട കാരണം റോഡിൽ സ്‌കൂട്ടർ നിർത്തി സൊറ പറഞ്ഞു നിന്ന വയോധികരാണ്. ഇവരെ കണ്ട് മുന്നിൽ പോയ കാർ ബ്രേക്ക് ചവിട്ടിയതോടെ പിന്നാലെ വന്ന യുവതികൾ സഞ്ചരിച്ച സ്‌കൂട്ടർ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. റോഡിൻ്റെ വീതി കുറവും അപകടത്തിന് ആക്കം കൂട്ടി.
ബസ്സിനടിയിലേക്ക് വീണ് പോയ ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. ആഷ്ലി കഴിഞ്ഞ ദിവസം ഐഇഎൽടിഎസ് പാസായിരുന്നു. ബംഗളുരിൽ നിന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിൽ വന്നത്. സുഹൃത്ത് കൃപയോടൊപ്പം സ്കൂട്ടറിലുള്ള യാത്ര മരണത്തിലേക്കുള്ള യാത്രയായി മാറുകയായിരുന്നു.
കൃപ ഓസ്ട്രേലിയയിൽ എം എസ് ഡബ്ലിയു പഠിക്കുകയായിരുന്നു. കോഴ്സ് കഴിഞ്ഞു അടുത്ത മാർച്ചിൽ കോൺവോക്കേഷൻ നടക്കാനിരിക്കെയാണ് മരണം. ഇരുവരും സഹപാഠികൾ ആയിരുന്നു.