മരുമകളിൽ നിന്നും വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയിൽ നിന്നും ജീവനാംശം വേണമെന്ന് 83-കാരി. ഇരട്ട പെൻഷനും ലക്ഷങ്ങളുടെ ആനുകൂല്യവും കൈപ്പറ്റുന്ന മുൻ ഉദ്യോഗസ്ഥയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
കൊച്ചി: സ്വന്തമായി ഇരട്ട പെൻഷനും ലക്ഷക്കണക്കിന് രൂപയുടെ സർവീസ് ആനുകൂല്യങ്ങളും കൈവശമുണ്ടായിട്ടും, ഭർത്താവ് നഷ്ടപ്പെട്ട മരുമകളെയും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയെയും സാമ്പത്തികമായി പിഴിഞ്ഞൂറ്റാൻ ശ്രമിച്ച 83-കാരിയായ മുൻ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി.
മരുമകളിൽ നിന്നും 22 വയസ്സുള്ള പേരക്കുട്ടിയിൽ നിന്നും മാസം തോറും ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് വയോധിക നൽകിയ ഹർജി ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ പൂർണ്ണമായും തള്ളി.
നിയമപരമായി മരുമകൾക്ക് അത്തരമൊരു ബാധ്യതയില്ലെന്നും, പഠിക്കുന്ന പ്രായത്തിൽ പേരക്കുട്ടി മുത്തശ്ശിയെ സംരക്ഷിക്കണമെന്നത് തികച്ചും യുക്തിരഹിതമായ ആവശ്യമാണെന്നും കോടതി ശക്തമായി നിരീക്ഷിച്ചു.
കൊച്ചി സ്വദേശിനിയും ഫിഷറീസ് വകുപ്പിലെ മുൻ ഉദ്യോഗസ്ഥയുമായ 83-കാരിയാണ് നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്ത് കുടുംബാംഗങ്ങൾക്കെതിരെ കോടതിയെ സമീപിച്ചത്.
സർവീസിലിരിക്കെ അന്തരിച്ച കെ.എസ്.ഇ.ബി ജീവനക്കാരനായ മകന്റെ മരണാനന്തര ആനുകൂല്യങ്ങൾ ആശ്രിതയായ മരുമകൾക്ക് ലഭിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിൽ നിന്ന് പ്രതിമാസം 15,000 രൂപ ജീവനാംശമായി തനിക്ക് നൽകണമെന്നായിരുന്നു ഇവരുടെ വിചിത്രമായ വാദം.
എന്നാൽ, വസ്തുതകൾ പരിശോധിച്ച കോടതി ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. മകന്റെ മരണത്തെ തുടർന്ന് കെ.എസ്.ഇ.ബി നൽകിയ ആനുകൂല്യങ്ങളിൽ നിന്ന് 12,28,646 രൂപ ഹർജിക്കാരിക്ക് നേരത്തെ തന്നെ നേരിട്ട് ലഭിച്ചിരുന്നു.
പോരാത്തതിന്, ഫിഷറീസ് വകുപ്പിൽ നിന്നുള്ള സ്വന്തം പെൻഷനും ഭർത്താവിന്റെ പെൻഷനും ഉൾപ്പെടെ രണ്ട് പെൻഷൻ തുകകൾ പ്രതിമാസം ഇവരുടെ അക്കൗണ്ടിലെത്തുന്നുണ്ട്.
എന്നിട്ടും സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ പാടുപെടുന്ന മരുമകളെയും വിദ്യാഭ്യാസ വായ്പയുടെ ഭാരത്തിൽ നിൽക്കുന്ന പേരക്കുട്ടിയെയും നിരന്തരമായി കോടതി കയറ്റുകയായിരുന്നു.
നേരത്തെ മെയിന്റനൻസ് ട്രൈബ്യൂണലും ജില്ലാ കളക്ടറും ഈ അന്യായമായ ആവശ്യം പൂർണ്ണമായി തള്ളിക്കളഞ്ഞിരുന്നു.
എന്നിട്ടും വീണ്ടും ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടത്തിന് മുതിർന്ന ഹർജിക്കാരിക്ക്, "ഒരു മുത്തശ്ശിയിൽ നിന്ന് ഇത്തരമൊരു യുക്തിരഹിതമായ ആവശ്യം ആരും പ്രതീക്ഷിക്കുന്നതല്ല" എന്ന കോടതിയുടെ കടുത്ത വിമർശനത്തോടെയാണ് മടങ്ങേണ്ടി വന്നത്.
കുടുംബ ബന്ധങ്ങളിലെ മാനുഷികത മറന്ന് നിയമത്തെ ആയുധമാക്കുന്ന ഇത്തരം പ്രവണതകൾക്കുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി.