ലോകസമ്പന്നരില്‍ രണ്ടാമനായി 80-കാരനായ വ്യവസായി; തൊട്ടുമുന്നില്‍ മസ്‌ക്

 
larry


മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനേയും ആമസോണ്‍ മേധാവി ജെഫ് ബെസോസിനേയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ രണ്ടാമനായി 80-കാരനായ വ്യവസായി. ഓഹരി വിപണിയിലെ വന്‍നേട്ടമാണ് ലാരി എല്ലിസണ്‍ എന്ന വ്യവസായിയെ അതിസമ്പന്നനാക്കിയത്. ഒരാഴ്ച കൊണ്ട് 4000 കോടി ഡോളറിന്റെ നേട്ടം അദ്ദേഹം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. എല്ലിസണിന്റെ സമ്പാദ്യം ഇതോടെ 25090 കോടി ഡോളറെത്തി (21.72 ലക്ഷം കോടി രൂപ).

എല്ലിസണ്‍ സഹസ്ഥാപകനായ ഒറാക്കിള്‍ ക്ലൗഡ് കംപ്യൂട്ടിങ് എന്ന സ്ഥാപനത്തിന്റെ ഓഹരി വിപണിയിലെ നേട്ടമാണ് ഇതിന് സഹായിച്ചത്. 40580 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്ലയുടെയും സ്പേസ് എക്സിന്റേയും മേധാവിയായ ഇലോണ്‍ മസ്‌കാണ് ഇദ്ദേഹത്തിന് മുന്നിലുള്ളത്. ഒറാക്കിളില്‍ 41 ശതമാനം ഓഹരിയാണ് എല്ലിസണിനുള്ളത്. ഒരു ദിവസം കൊണ്ട് മാത്രം 2500 കോടി ഡോളറിന്റെ നേട്ടം എല്ലിസണിനുണ്ടായി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ സമ്പത്ത് 22900 കോടി ഡോളറാണ്. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്താകട്ടെ 24000 കോടിയും.

1977 ലാണ് ലാരി എല്ലിസണ്‍ പങ്കാളിയായി ഡാറ്റാബേസ് സോഫ്റ്റ് വെയര്‍ കമ്പനിയായ ഒറാക്കിളിന് തുടക്കിമിടുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം വലിയൊരു ക്ലൗഡ് കംപ്യൂട്ടിങ് വ്യവസായമായി ഒറാക്കിള്‍ വളര്‍ന്നു. ലോകത്തെ ഏറ്റവും വലിയ പത്ത് ധനികരുടെ പട്ടികയില്‍ നേരത്തെ തന്നെ അദ്ദേഹം ഇടംപിടിച്ചിരുന്നു. ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന എല്ലിസണ്‍ ടെസ്ലയിലെ വലിയൊരു നിക്ഷേപകന്‍ കൂടിയാണ്. 2018-ല്‍ ടെസ്ലയുടെ ബോര്‍ഡ് അംഗമായി മസ്‌ക് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തിരുന്നു.

Tags

Share this story

From Around the Web