ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 73-ാമത് ഓര്‍മ്മപ്പെരുന്നാള്‍. ആയിരങ്ങള്‍ പങ്കെടുത്ത മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി. 

 
mar ivaniose

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 73-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ആയിരങ്ങള്‍ പങ്കെടുത്ത മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി. 

റാന്നി - പെരുന്നാട്ടില്‍ നിന്നും മറ്റ് പല സ്ഥലങ്ങളില്‍ നിന്നും യാത്രപുറപ്പെട്ട തീര്‍ത്ഥാടക സംഘങ്ങള്‍ ഇന്നലെ വൈകിട്ട് 5 മണിക്ക് കബറില്‍ പ്രവേശിച്ചു. 

പദയാത്രികര്‍ വിവിധ സംഘങ്ങളായാണ് ഓരോ ഇടങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കുചേര്‍ന്നത്. റാന്നി - പെരുന്നാട്ടില്‍ നിന്നും കഴിഞ്ഞ 5 ദിവസമായി നടന്നുവരുന്ന പ്രധാന പദയാത്ര സംഘത്തെ കബറിടത്തില്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ജന്മഗൃഹമായ മാവേലിക്കര, മാര്‍ത്താണ്ഡം, പാറശ്ശാല എന്നിവിടങ്ങളില്‍ നിന്നുള്ള പദയാത്രയും കബറിടത്തില്‍ എത്തിച്ചേര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ മലങ്കര കത്തോലിക്കാ സമൂഹങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരും പ്രധാന പദയാത്രയോടൊപ്പം ചേര്‍ന്നു. കബറിടത്തില്‍ തീര്‍ത്ഥാടകരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ എടുത്താണ് പദയാത്രികര്‍ കബറിടത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരത്തിന് ശേഷം ആയിരങ്ങള്‍ കത്തിച്ച മെഴുകുതിരികളുമായി കത്തീഡ്രലില്‍ നിന്നും പ്രദക്ഷിണമായി പുറപ്പെട്ടു.

ജോണ്‍ പോള്‍ രണ്ടാമന്‍ ഗേറ്റ് വഴി കാതോലിക്കേറ്റ് സെന്റര്‍ അങ്കണത്തിലൂടെ സെന്റ് മേരീസ് സ്‌കൂള്‍ അങ്കണത്തിലൂടെ മെയിന്‍ റോഡിലിറങ്ങിയ തീര്‍ത്ഥാടകരുടെ മെഴുകുതിരി പ്രദക്ഷിണം കത്തീഡ്രല്‍ ഗേറ്റിലൂടെ കത്തീഡ്രല്‍ അങ്കണത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ കബറില്‍ ധൂപ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ നിന്നും ആഘോഷമായ അപ്പസ്തോലിക ആശീര്‍വാദം നല്‍കി. മുഖ്യതിഥിയായി പങ്കെടുക്കുന്ന സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ആന്റണി പൂള തിരുമേനിയും മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് ജനത്തെ ആശീര്‍വദിക്കാന്‍ കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ എത്തിയിരുന്നു.

Tags

Share this story

From Around the Web