കേരള കത്തോലിക്ക സഭയിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം

 
Muringoor

കേരള കത്തോലിക്ക സഭയിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ സംഘടിപ്പിച്ചിരിക്കുന്ന 'ആഗോള മലയാളി സംഗമം' സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് സംഗമത്തിൽ പങ്കെടുക്കാൻ മുരിങ്ങൂരിലേക്ക് എത്തിയിരിക്കുന്നത്. "കരിസ്മാറ്റിക് നവീകരണം സഭയ്ക്ക് ലഭിച്ച വലിയൊരു ദാനമാണ്," എന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വ്യക്തിജീവിതത്തിലും കുടുംബബന്ധങ്ങളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ അൻപത് വർഷത്തിനിടെ ഈ പ്രസ്ഥാനത്തിന് സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. വരും ദിവസങ്ങളിൽ പ്രമുഖ ധ്യാനഗുരുക്കന്മാരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ വി.സി, ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ തുടങ്ങിയവരുടെ വചനശുശ്രൂഷകളും ജൂബിലി സന്ദേശങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സംഗമത്തിൽ വിവിധ പാനൽ ചർച്ചകൾ, അനുഭവങ്ങൾ പങ്കുവെക്കൽ, പ്രദർശനം, പൊന്തിഫിക്കൽ കുർബാന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളി കത്തോലിക്ക വിശ്വാസികളെ ഒന്നിപ്പിക്കുക, പ്രാർത്ഥനയിലൂടെയും വചനശുശ്രൂഷയിലൂടെയും ആത്മീയ നവീകരണം സാധ്യമാക്കുക എന്നിവയാണ് ഈ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. തിരക്ക് കണക്കിലെടുത്ത് വൻ സജ്ജീകരണങ്ങളാണ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ ടീം, വോളന്റിയർ സേവനം, വിപുലമായ ഭക്ഷണ സൗകര്യം എന്നിവയും സജ്ജമാണ്.

Tags

Share this story

From Around the Web