സീറോ മലബാര്‍ സഭയിലെ 4 പുതിയ അതിരൂപതകളും അവയുടെ സാമന്ത രൂപതകളും

സീറോ മലബാര്‍ സഭയില്‍ ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയര്‍ത്തിയുള്ള പ്രഖ്യാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നടത്തി. ഫരീദാബാദ് കേന്ദ്രമായുള്ള പ്രോവിന്‍സില്‍ ബിജ്നോര്‍, ഗോരഖ്പൂര്‍ രൂപതകള്‍ സാമന്ത രൂപതകളായിരിക്കും. ഫരീദാബാദ് രൂപതാദ്ധ്യക്ഷനായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്.
ഉജ്ജയിന്‍ രൂപതാദ്ധ്യക്ഷനായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പുതിയ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പ്. സാഗര്‍, സത്‌ന, ജഗ്ദല്‍പൂര്‍ രൂപതകളാണ് ഉജ്ജയിന്‍ അതിരൂപതയുടെ സാമന്തരൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. കല്യാണ്‍ കേന്ദ്രമാക്കിയുള്ള പ്രോവിന്‍സില്‍ ഛാന്ദ, രാജ്‌കോട്ട് രൂപതകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
കല്യാണ്‍ രൂപതാ മെത്രാനായ മാര്‍ തോമസ് ഇലവനാല്‍ 75 വയസ്സു പൂര്‍ത്തിയായതിനെത്തുടര്‍ന്നു രാജി സമര്‍പ്പിച്ചതിനാല്‍, നിലവില്‍ സീറോമലബാര്‍ സഭയുടെ കൂരിയാമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ കല്യാണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു.
ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷാബാദിലെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണങ്ങാടനാണ് പ്രോവിന്‍സിന്റെ മെത്രാപ്പോലീത്ത. തമിഴ്നാട്ടിലെ ഹൊസൂര്‍ രൂപത തൃശൂര്‍ അതിരൂപതയുടെ സാമന്ത രൂപതയാക്കിയും മേജര്‍ ആര്‍ച്ച് ബിഷപ്പ് കല്പന നല്കിയിട്ടുണ്ട്.