പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിലേക്ക് തൃശൂര്‍ അതിരൂപത നടത്തുന്ന 29-ാമത് മഹാതീര്‍ത്ഥാടനം 22-ന്
തൃശൂര്‍: ചരിത്രപ്രസിദ്ധമായ പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിലേക്ക് തൃശൂര്‍ അതിരൂപത നടത്തുന്ന 29-ാമത് മഹാതീര്‍ത്ഥാടനം ഈ മാസം 22-ന് നടക്കും.
എ.ഡി. 52-ല്‍ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച പാലയൂര്‍ പള്ളിയിലേക്കുള്ള ഈ വര്‍ഷത്തെ പദയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അതിരൂപതാ അധികൃതര്‍ അറിയിച്ചു.
22-ന് പുലര്‍ച്ചെ 4 മണിക്ക് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മുഖ്യ പദയാത്ര ആരംഭിക്കും.
അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് യാത്ര ഉദ്ഘാടനം ചെയ്യും. ലൂര്‍ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന് പേപ്പല്‍ പതാക കൈമാറിക്കൊണ്ടാണ് പദയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.
വിവിധ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ രാവിലെ 11 മണിയോടെ പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ സംഗമിക്കും.
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പാലയൂരില്‍ നടക്കുന്ന പൊതുസമ്മേളനം സി.ബി.സി.ഐ. (ഇആഇക) പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂല ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.
സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ബിഷപ്പ് എമിരറ്റസ് മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍, ചാന്‍സലര്‍ ഫാ. ഡൊമിനിക് തലക്കോടന്‍, പ്രൊക്യൂറേറ്റര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് കണ്ണമ്പുഴ, ജനറല്‍ കണ്‍വീനര്‍ ഫാ. ജോണ്‍പോള്‍ ചെമ്മണ്ണൂര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, പാലയൂര്‍ തീര്‍ത്ഥകേന്ദ്രം സെക്രട്ടറി സി. എല്‍ ജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
മഹാതീര്‍ത്ഥാടനത്തിന് മുന്നോടിയായി, അമ്പതു നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 9 മണിക്ക് തൃശൂര്‍ പുത്തന്‍പള്ളി ബസിലിക്കയില്‍ നിന്ന് ജാഗരണ പദയാത്രകള്‍ നടന്നുവരുന്നുണ്ട്.
തീര്‍ത്ഥാടനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണെന്ന് സംഘാടകര്‍ അറിയിച്ചു.