മുത്തങ്ങ ചിറമൂലയെ ഭീതിയിലാഴ്ത്തിയ 12 വയസ്സുള്ള പെൺകടുവ ഒടുവിൽ കൂട്ടിലായി. ഒൻപത് വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ കടുവയ്ക്ക് പരിക്കും പല്ലുകളുമില്ല
സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ട് മാസമായി മുത്തങ്ങ ചിറമൂല, കോളൂർ ഉന്നതി മേഖലകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പെൺകടുവയെ ഒടുവിൽ വനംവകുപ്പ് വിജയകരമായി കൂടിലാക്കി.
ഉന്നതിക്ക് സമീപം വനാതിർത്തിയോട് ചേർന്നുള്ള മാങ്ങാമൂല വയലിൽ സ്ഥാപിച്ച കൂടിലാണ് 12 വയസ്സ് പ്രായം കണക്കാക്കുന്ന പെൺകടുവ കുടുങ്ങിയത്. ഇന്ന് രാവിലെ 11.45 ഓടെയാണ് കടുവ വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ടത്.
ചിറമൂല, കോളൂർ ഉന്നതി മേഖലകളിൽ നിരന്തരം ജനവാസകേന്ദ്രങ്ങളിലിറങ്ങി നിവാസികളെ മുനമുനയിൽ നിർത്തിയ കടുവയാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒൻപതോളം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നൊടുക്കിയത്.
ചിറമൂല ഉന്നതിയിലെ നിരവധി ആടുകളെ കടുവ പിടികൂടുന്നത് തുടർച്ചയായതോടെ വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു.
പകൽ സമയങ്ങളിൽ പോലും കടുവ ജനവാസ മേഖലകളിലും റോഡിലും ഇറങ്ങിത്തുടങ്ങിയതോടെ നാട്ടുകാർ വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലായിരുന്നു. ഉന്നതിക്ക് തൊട്ടടുത്താണ് മുത്തങ്ങ ഗവ. എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ഇരട്ടിയായിരുന്നു.
വളർത്തുമൃഗങ്ങൾ നിരന്തരം ഇരയാവുകയും കുട്ടികളുടെ സുരക്ഷ അപകടത്തിലാവുകയും ചെയ്തതോടെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് മാങ്ങാമൂല വയലിൽ കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്.
കൂട്ടിൽ കുടുങ്ങിയ കടുവയെ പരിശോധിച്ചപ്പോൾ ഇതിന്റെ പിൻകാലിന് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മൂന്ന് പല്ലുകളും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാലാകാം കടുവ എളുപ്പത്തിൽ പിടികൂടാൻ കഴിയുന്ന ആടുകളെ ലക്ഷ്യമിട്ട് ജനവാസമേഖലയിൽ തങ്ങിയതെന്നാണ് നിഗമനം.
പിടിയിലായ കടുവയെ വിദഗ്ധ പരിശോധനകൾക്കും തുടർചികിത്സകൾക്കുമായി കുപ്പാടി ആനിമൽ ഹോസ്‌പെയ്‌സ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. കടുവ കൂട്ടിലായതോടെ മാസങ്ങളായി ഉറക്കം നഷ്ടപ്പെട്ട ചിറമൂല നിവാസികൾക്ക് വലിയ ആശ്വാസമാണ് കൈവന്നിരിക്കുന്നത്.