സ്നേഹം ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, മറിച്ച് ബോധപൂര്‍വമായ തിരഞ്ഞെടുപ്പിന്റെ ഫലവും ഒരുക്കം ആവശ്യമുള്ള തീരുമാനമാണെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ 

 
leo

വത്തിക്കാന്‍ സിറ്റി: സ്നേഹം ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, മറിച്ച് ബോധപൂര്‍വമായ തിരഞ്ഞെടുപ്പിന്റെ ഫലവും ഒരുക്കം ആവശ്യമുള്ള തീരുമാനമാണെന്നും  ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 

ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് ക്രിസ്തുവിന്റെ  പീഢാസഹനം, മരണം, പുനരുത്ഥാനം എന്നീ രഹസ്യങ്ങളെക്കുറിച്ച് ആരംഭിച്ച പുതിയ മതബോധപരമ്പരയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. 

യേശു പീഡാസഹനത്തെ 'തന്റെ വിധിയായല്ല', മറിച്ച് 'സ്വാതന്ത്ര്യത്തോടും കരുതലോടും കൂടി തിരഞ്ഞെടുത്ത  പാതയോടുള്ള വിശ്വസ്തതയില്‍ നിന്നാണ്' സ്വീകരിച്ചതെന്നും പാപ്പ പറഞ്ഞു.

'ഒരുങ്ങുക' എന്ന വാക്കിന്റെ  അര്‍ത്ഥത്തെക്കുറിച്ച്  വചനത്തിന്റെ വെളിച്ചത്തില്‍ പാപ്പ വിചിന്തനം ചെയ്തു.  അത് ഒറ്റനോട്ടത്തില്‍ ലളിതമാണെന്ന് തോന്നുമെങ്കിലും,  'ക്രിസ്തീയ ജീവിതത്തിന്റെ ഒരു വിലയേറിയ രഹസ്യം' ഈ വാക്കില്‍ അടങ്ങിയിട്ടുണ്ടെന്ന് പാപ്പ പറഞ്ഞു.


 വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ പെസഹാ ഭക്ഷണം എവിടെ ഒരുക്കണമെന്ന് ശിഷ്യന്മാര്‍ യേശുവിനോട് ചോദിക്കുന്നു.'നഗരത്തിലേക്ക് പോകുക; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു പോകുന്ന ഒരാളെ നിങ്ങള്‍ കാണും.' 

എന്ന് പറഞ്ഞുകൊണ്ട് സജ്ജീകൃതമായ ഒരു മുറിയിലേക്കാണ്  യേശു ശിഷ്യന്‍മാരെ നയിക്കുന്നത്. നമുക്ക് അഭയം ആവശ്യമാണെന്ന് നാം മനസിലാക്കുന്നതിനു മുമ്പുതന്നെ, കര്‍ത്താവ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവനോടൊപ്പം സൗഹൃദം അനുഭവിക്കാനുള്ള ഇടം ഒരുക്കിയിട്ടുണ്ടെന്നും പാപ്പ വിശദീകരിച്ചു. 


ആ ഇടം, ആത്യന്തികമായി, നമ്മുടെ ഹൃദയം തന്നെയാണ്. ദൈവത്തിന്റെ ദാനം നമ്മുടെ സ്വാതന്ത്ര്യത്തെയോ ഉത്തരവാദിത്വത്തെയോ ഇല്ലാതാക്കുന്നില്ല. അത് സ്വാതന്ത്ര്യത്തെ ഉജ്ജീവിപ്പിക്കുകയും ഉത്തരവാദിത്വത്തെ ഫലദായകമാക്കുകയും ചെയ്യുന്നു.

അന്നത്തെപ്പോലെ ഇന്നും നാം ദിവ്യബലിക്കായി ഒരുങ്ങേണ്ടതുണ്ടെന്ന് പാപ്പ തുടര്‍ന്നു. ആരാധനക്രമവുമായി  മാത്രമല്ല നമ്മെ രൂപാന്തരപ്പെടുത്താവുന്ന എല്ലാ ആംഗ്യങ്ങളുമായി അതിന് ബന്ധമുണ്ട്. 


ഈ അര്‍ത്ഥത്തില്‍ അള്‍ത്താരയില്‍ മാത്രമല്ല അനുദിജീവിത്തിലെ എല്ലാ കാര്യങ്ങളും ബലിവയും കൃതജ്ഞതാപ്രകാശനവുമായി അനുഭവിക്കാന്‍ സാധിക്കും. 

സ്വീകരിക്കുന്നതിനേക്കാള്‍  നല്‍കുന്നതാണ് യഥാര്‍ത്ഥ സ്നേഹം. അത് പ്രതീക്ഷിക്കുന്ന ഒരു സമ്മാനമാണ്. ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കാന്‍ പോകുമ്പോഴും മറ്റൊരാള്‍  തള്ളിപ്പറയാന്‍ പോകുമ്പോഴും, എല്ലാവര്‍ക്കും വേണ്ടി വിരുന്നൊരുക്കിയ യേശു അനുഭവിച്ചത് ഈ സ്നേഹമാണെന്ന് പാപ്പ പറഞ്ഞു.
 

Tags

Share this story

From Around the Web