ആ ഹെലികോപ്റ്റര്‍ ഇനിയില്ല; കരാര്‍ പുതുക്കുന്നില്ലെന്ന് സര്‍ക്കാര്‍ ലോകായുക്തയില്‍

 
chipson



തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ലോകായുക്തയ്ക്ക് മുമ്പാകെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. ചിപ്സന്റെ ഇന്‍ വോയ്‌സ് ലോകായുക്തയ്ക്ക് മുമ്പാകെ ഹാജരാക്കി. കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയ്ക്കെതിരായ പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നേരത്തേ ആവശ്യപ്പെട്ടിരുന്നു. പൊതുപ്രവര്‍ത്തകനായ കെ.എം. ഷാജഹാന്‍ നല്‍കിയ പരാതിയിലായിരുന്നു ലോകായുക്തയുടെ നടപടി. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും മുഖ്യമന്ത്രി നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കായി പണം ചെലവഴിച്ചത് ചിപ്‌സന്‍ എയര്‍വെയ്സ് ആണെന്നും സര്‍ക്കാരുമായുള്ള ഹെലിക്കോപ്റ്റര്‍ കരാര്‍ നീട്ടാന്‍ കാത്തിരിക്കുന്ന കമ്പനിയാണിതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അവരില്‍ നിന്നാണ് മുഖ്യമന്ത്രി ആനുകൂല്യം കൈപ്പറ്റിയത്. അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വിമാനയാത്രയുടെ രേഖകള്‍ പരിശോധിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

Tags

Share this story

From Around the Web