ക്രൊയേഷ്യന്‍ സഭയുടെ വിശ്വാസസാക്ഷ്യത്തിന് നന്ദി പറഞ്ഞും പുതുതലമുറകളിലേക്ക് ക്രൈസ്തവമൂല്യങ്ങള്‍ പകരാന്‍ ആഹ്വാനം ചെയ്തും ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:തങ്ങളുടെ പിതാക്കന്മാരില്‍നിന്ന് ലഭിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും അതിനെ പഴമയില്‍ തളച്ചിടാതെ പരിശുദ്ധാത്മാവ് നല്‍കുന്ന പ്രചോദനങ്ങളനുസരിച്ച് അനുദിനം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നതില്‍ ക്രൊയേഷ്യന്‍ സഭയെ അഭിനന്ദിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.
2025-ലെ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ ആയിരക്കണക്കിന് ക്രൊയേഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഒക്ടോബര്‍ 7 ചൊവ്വാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പ്രത്യേകം കൂടിക്കാഴ്ചാസമ്മേളനത്തില്‍ സംസാരിക്കവെയാണ് ലോകത്ത് ക്രൊയേഷ്യന്‍ ക്രൈസ്തവര്‍ നല്‍കുന്ന വിശ്വാസമാതൃകയെ പാപ്പാ പ്രത്യേകം പരാമര്‍ശിച്ചത്.
ഈ വര്‍ഷത്തെ ജൂബിലിയുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥനാപൂര്‍വ്വം ഇത്രയധികം ആളുകള്‍ തീര്‍ത്ഥാടനത്തിനെത്തിയത് ക്രൊയേഷ്യയിലെ കത്തോലിക്കാസഭയുടെ വിശ്വാസചൈതന്യവും സഭയോടും പത്രോസിന്റെ പിന്‍ഗാമിയോടുമുള്ള ഐക്യവുമാണ് വ്യക്തമാക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.
അനുദിനജീവിതത്തിലെ മൂര്‍ത്തമായ അനുഭവങ്ങളില്‍ വിശ്വസ്തതാപൂര്‍വ്വം ജീവിക്കുന്നതിലും ജോലിക്കും പഠനത്തിനുമുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ലോകത്തിന്റെ പലയിടങ്ങളില്‍ ആയിരിക്കുമ്പോഴും തങ്ങളുടെ ക്രൈസ്തവപരമ്പര്യത്തോട് കൂറ് പുലര്‍ത്തുന്നതിനും ക്രിസ്തുവിനെയും അവന്റെ സഭയെയും സ്‌നേഹിക്കുന്ന ഒരു ജനതയെന്ന നിലയില്‍ സാക്ഷ്യം നല്‍കുന്നതിനും നന്ദി പറഞ്ഞ പാപ്പാ ഇത്തരമൊരു ജീവിതം നിരവധി പ്രഭാഷണങ്ങളെക്കാള്‍ മനോഹരമായ ഒരു സുവിശേഷസാക്ഷ്യമാണെന്ന് പ്രസ്താവിച്ചു.
തങ്ങളോടൊപ്പമായിരിക്കുന്ന നല്ലിടയനായ ക്രിസ്തുവില്‍ മിഴികളുറപ്പിച്ചും അവനാല്‍ നയിക്കപ്പെട്ടും മുന്നോട്ട് പോകാന്‍ പാപ്പാ തീര്‍ത്ഥാടകരെ ആഹ്വാനം ചെയ്തു.
പങ്കുവയ്ക്കപ്പെടുമ്പോഴാണ് വിശ്വാസം വളരുകയും ശക്തിപ്പെടുകയും ചെയ്യുന്നതെന്നോര്‍മ്മിപ്പിച്ച പാപ്പാ ക്രൊയേഷ്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വളര്‍ത്തിയ ക്രൈസ്തവമൂല്യങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്കും പുതുതലമുറകള്‍ക്കും പകരാന്‍ ആഹ്വാനം ചെയ്തു.
ഇതുവഴി, ക്രൊയേഷ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലെന്നപോലെ ഇന്ന് യുദ്ധങ്ങളാലും അക്രമങ്ങളാലും മുറിവേറ്റ ഒരു ലോകത്ത് സമാധാനത്തിന്റെയും നന്മയുടെയും പ്രത്യാശയുടെയും പുളിമാവായി മാറാന്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് സാധിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
'ക്രൊയേഷ്യയുടെ വിശ്വസ്തയായ മദ്ധ്യസ്ഥ്യ' എന്ന പേരില്‍ വണങ്ങാപ്പെടുന്ന പരിശുദ്ധ അമ്മ തന്റെ മേലങ്കിക്കു കീഴില്‍ നിങ്ങളെ സംരക്ഷിക്കട്ടെയെന്നും നിങ്ങളെ അനുഗമിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.