'പിന്തുണച്ച എല്ലാവര്‍ക്കും നന്ദി'; സോനം വാങ്ചുക് ആശുപത്രി വിട്ടു
നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ നിരാഹാരമനുഷ്ഠിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ആശുപത്രിവിട്ടു. അല്‍പ്പസമയത്തിനകം രാജ് ഘട്ടിലെത്തും. കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് സോനം വാങ്ചുക് അറിയിച്ചു.
കോക്രോച്ച് ജനതാ പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരത്തിലായിരുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായിരുന്നു. ആദ്യം ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലും പിന്നീട്, ഗുരുഗ്രാമിലെ മേദാന്ത സ്വകാര്യ ആശുപത്രിയിലും സോനം വാങ്ചുകിനെ പ്രവേശിപ്പിക്കുകയായിരുന്നു.
പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയാതെ പോയതാണ് ഒന്നരമാസം കൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ചെയ്തുകാണിച്ചത്. കേവലം പാറ്റകളെന്ന വിളിയിലെ ഇന്‍സള്‍ട്ടില്‍ നിന്ന് ഉയര്‍ന്ന് പറന്ന് വെന്നിക്കൊടി പാറിച്ചവര്‍.
യുവാക്കളിലെ ഒരു വിഭാഗത്തെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ദേശിച്ചതെങ്കിലും ആ വിളി മൊത്തം യുവത്വത്തിനും ഇന്ധനമായി തീര്‍ന്നിരുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കവചമില്ലാതെ കൃത്യമായ രാഷ്ട്രീയം തന്നെ മുന്നോട്ടു വെച്ചാണ് സിജെപിയുടെ യാത്ര.
സാമൂഹ്യ മാധ്യമത്തിന്റെ കൃത്യമായ ഉപയോഗം, ലക്ഷ്യങ്ങള്‍ ചിതറിപ്പോകാതെ ഒരൊറ്റ കാര്യത്തിലൂന്നിയുള്ള പ്രക്ഷോഭം, നേതാവിനപ്പുറം യുവജനത്തെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും ആണ് സിജെപിയുടെ സക്‌സസ് ഫാക്ടറുകള്‍.
കോക്രോച്ച് എന്ന വിളി ഒരു പ്രതിരോധമായപ്പോള്‍ ധര്‍മ്മേന്ദ്രപ്രധാന്റെ രാജി എന്ന ഒരൊറ്റ ആവശ്യത്തില്‍ അവര്‍ക്ക് ഉറച്ചുനില്‍ക്കാന്‍ സാധിച്ചു. ഇന്‍സ്റ്റഗ്രാമിന്റെ മികച്ച രീതിയിലുള്ള ഉപയോഗം യുവജനത്തെ ജന്തര്‍ മന്തറിലേക്ക് ആകര്‍ഷിച്ചു.
എല്ലാത്തിനും മുകളില്‍ സോനം വാങ്ചുക്കിന്റെ നിരാഹാര സമരമെന്ന വൈകാരികതയും അവര്‍ക്ക് അനുകൂലമായി ഭവിച്ചു. ഭാവിയുടെ വോട്ടര്‍മാരെ ഒപ്പം കൂട്ടി സിജെപി ഒരു അജണ്ട ഉണ്ടാക്കിയെടുത്തപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവരുടെ പുറകെ പോകേണ്ടി വന്നു. ഒടുവിലെ ജയം തെരുവില്‍ ഇറങ്ങിയ ആ പ്രതിഷേധക്കാര്‍ക്ക് സ്വന്തമാണ്.