'ഫ്രീ പബ്ലിസിറ്റിക്ക് നന്ദി'; പീതാംപുരയിലെ ദസറ സംഘാടകരെ പരിഹസിച്ച് അഭിജീത് ദിപ്‌കെ
 

 
abheejeet deepke


 

ഡല്‍ഹിയിലെ പീതാംപുരയില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് 'കോക്രോച്ച് ജനതാ പാര്‍ട്ടി' സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. പരിപാടിയുടെ സംഘാടകര്‍ക്ക് 'സൗജന്യ പ്രചാരണത്തിന് നന്ദി' എന്നാണ് അഭിജീത് ദിപ്‌കെ മറുപടി നല്‍കിയത്. എക്‌സിലൂടെയായിരുന്നു പ്രതികരണം. സംഭവത്തെ വെറും നാടകമെന്നാണ് സിജെപി നേതാവ് രത്‌ന സിങ് വിശേഷിപ്പിച്ചത്.


പീതാംപുരയില്‍ ശ്രീ കേശവ് രാംലീല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്‍, കുംഭകര്‍ണന്‍, മേഘനാദ് എന്നിവരുടെ കോലങ്ങള്‍ക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് സജീവമായ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം ചര്‍ച്ചയായത്. ഇതോടെ സംഭവം ദേശീയതലത്തിലും ശ്രദ്ധ നേടുകയാണ്.

മാലിന്യത്തെയും വൃത്തിഹീനമായ സാഹചര്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് പാറ്റയുടെ കോലമെന്നാണ് സംഘാടകരുടെ വിശദീകരണം. 'സ്വച്ഛ് ഭാരത്', 'സ്വച്ഛ് ഡല്‍ഹി' പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും അവര്‍ പറയുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും തിന്മയുടെ മേല്‍ നന്മയുടെ വിജയവും ശുചിത്വത്തിന്റെ സന്ദേശവുമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നും സംഘാടക സമിതി പ്രസിഡന്റും ബിജെപി എംഎല്‍എയുമായ അശോക് ഗോയല്‍ വ്യക്തമാക്കി.

എന്നാല്‍, നടപടി രാഷ്ട്രീയപ്രേരിതമാണെന്ന വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെയും സജീവമായ പ്രതിഷേധങ്ങളെയും ലക്ഷ്യമിട്ടാണ് സംഘാടകരുടെ നീക്കമെന്ന വിലയിരുത്തലുകളും ഉയരുന്നു. അതേസമയം, മതപരമായ ആഘോഷങ്ങളില്‍ സമകാലിക രാഷ്ട്രീയ സംഭവങ്ങളെയും വിവാദങ്ങളെയും ഉള്‍പ്പെടുത്തുന്നത് ശരിയാണോ എന്ന ചോദ്യവും വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.

Tags

Share this story

From Around the Web