പാറ്റകള്‍ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കില്‍ ഈ സമരമുണ്ടാകില്ലായിരുന്നു; ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജീത് ദീപ്‌കെ
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ, ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ സമരവേദിയില്‍ നിന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നന്ദി പറഞ്ഞ് 'കോക്രോച്ച് ജനതാ പാര്‍ട്ടി' സ്ഥാപകന്‍ അഭിജീത് ദീപ്‌കെ.
'ഞങ്ങളെ 'പാറ്റകള്‍' എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനോട് ഞാന്‍ നന്ദി പറയുന്നു. അദ്ദേഹം അന്ന് അങ്ങനെ വിളിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമായിരുന്നില്ല, ഈ സമരം ഇവിടെ സംഭവിക്കില്ലായിരുന്നു,' എന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ദീപ്‌കെയുടെ പ്രതികരണം.
ഞലമറ അഹീെ ധര്‍മേന്ദ്ര പ്രധാന്‍ രാജിക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി മുരളി ഗോപി; 'രാജ്യസ്‌നേഹം സര്‍ക്കാരിനോടുള്ള അനുസരണമല്ല'
മേയ് 15-ന് സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശമാണ് രാജ്യവ്യാപകമായ ഈ പ്രതിഷേധങ്ങള്‍ക്ക് വിത്തുപാകിയത്. 'തൊഴിലൊന്നും ലഭിക്കാതെ പാറ്റകളെപ്പോലെ അലയുന്ന ചില യുവാക്കളുണ്ട്' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍.
വ്യാജ നിയമ ബിരുദമുള്ളവരെ ഉദ്ദേശിച്ചാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും മാധ്യമങ്ങള്‍ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന്, ബോസ്റ്റണില്‍ വിദ്യാര്‍ഥിയും ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റുമായിരുന്ന അഭിജീത് ദീപ്‌കെ മേയ് 16-ന് 'എക്‌സ്' പ്ലാറ്റ്ഫോമിലൂടെ പരിഹാസരൂപേണ 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്ന സംഘടന പ്രഖ്യാപിച്ചു.
ജോലിയില്ലാത്തവരും സോഷ്യല്‍ മീഡിയയില്‍ സജീവമായവരുമായ എല്ലാവര്‍ക്കും വേണ്ടിയുള്ള പ്ലാറ്റ്ഫോം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. തുടര്‍ന്ന്, നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം രോഷം പുകയുന്നതിനിടെ, ജൂണ്‍ ആദ്യവാരം അദ്ദേഹം ഇന്ത്യയിലെത്തുകയും ജന്തര്‍ മന്തറില്‍ നേരിട്ട് സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന ഈ സമരത്തിലേക്ക് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ സോനം വാങ്ചുക്കും എത്തിയതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെട്ടു. ജൂണ്‍ 28-ന് അദ്ദേഹം ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം 26 ദിവസത്തോളം നീണ്ടുനിന്നു.
സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കില്ലെന്നും, പരീക്ഷാ പരിഷ്‌കരണങ്ങളും ഉത്തരവാദിത്തവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും, പരീക്ഷാ ക്രമക്കേടുകളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പരിഗണിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്.