തായ്ലന്‍ഡ് - കംബോഡിയ സംഘര്‍ഷപരിഹാരത്തിനു മതങ്ങളുടെ ഐക്യദാര്‍ഡ്യം

തായ്ലന്‍ഡിനും കംബോഡിയയ്ക്കും ഇടയില്‍ ശാശ്വത സമാധാനത്തിനായുള്ള മാര്‍ഗ്ഗങ്ങളില്‍, മതങ്ങള്‍ക്കിടയിലുള്ള സൗഹൃദവും, സംയുക്ത പ്രവര്‍ത്തനങ്ങളും ലക്ഷ്യം വച്ചുകൊണ്ട്, ബഹുമത സഖ്യമായ, 'മതങ്ങള്‍ സമാധാനത്തിനു' Religions for Peace സംഘടന, അംഗങ്ങളെ ആഹ്വാനം ചെയ്തു.
മേഖലയിലെ സഹോദരീസഹോദരന്മാര്‍ അനുഭവിക്കുന്ന വേദന തങ്ങളുടെ ഹൃദയങ്ങളെ ആഴത്തില്‍ വേദനിപ്പിക്കുന്നുവെന്നും, അക്രമത്തിന്റെ എല്ലാ ഇരകള്‍ക്കും, വീടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്കും, സുരക്ഷ, അന്തസ്സ്, സമാധാനം എന്നിവ വീണ്ടെടുക്കുവാനായി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും സംഘടനയിലെ അംഗങ്ങള്‍ അറിയിച്ചു.
1970-ല്‍ സ്ഥാപിതമായ റിലീജിയന്‍സ് ഫോര്‍ പീസ് സംഘടന, 90-ലധികം ദേശീയ, പ്രാദേശിക മതാന്തര കൗണ്‍സിലുകളുടെ ശൃംഖലയിലൂടെയും സ്ത്രീകള്‍, യുവാക്കള്‍, മതനേതാക്കള്‍ എന്നിവരുടെ ശൃംഖലകളിലൂടെയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ തായ്ലന്‍ഡ്, കംബോഡിയ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചരിത്രപരമായി സാന്നിധ്യമുറപ്പിച്ചിട്ടുള്ളതും, സജീവവുമായ സംഘടനയാണിത്.
രണ്ട് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം അതിര്‍ത്തിയിലെ ആരാധനാലയങ്ങളെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആരാധനാലയങ്ങള്‍, ഐക്യത്തിന്റെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായിരിക്കണമെന്നു സംഘടന പറഞ്ഞു. ഇവ ചരിത്രങ്ങളുടെയും ആത്മീയ അടുപ്പത്തിന്റെയും ജീവിക്കുന്ന സാക്ഷ്യങ്ങളാണെന്നും, അല്ലാതെ, വിയോജിപ്പിന്റെ ഇടങ്ങളായി മാറ്റപ്പെടരുതെന്നും കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനപരമായ ആശങ്കകള്‍ പരിഹരിക്കുന്നതിന് നയതന്ത്രപരവും മതപരവുമായ മാര്‍ഗങ്ങളിലൂടെ അര്‍ത്ഥവത്തായ സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധതയും സംഘടന അറിയിച്ചു.
അയല്‍രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പൊതു സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തെ ബഹുമാനിക്കാനും എല്ലാവരുടെയും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്ന പരിഹാരങ്ങള്‍ കണ്ടെത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും സംഘടന ഏവരെയും ആഹ്വാനം ചെയ്യുന്നതായും, ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു.